ചെര്‍ക്കളം അബ്ദുള്ള. മന്ത്രിയായും എംഎല്‍എയായും മത രാഷ്ട്രീയ മേഖലയിലെ അമരക്കാനായും നാട്ടുപ്രമാണിയായും അങ്ങനെയങ്ങനെ സമൂഹത്തിന്റെ സമുദായത്തിന്റെ എല്ലാമെല്ലാമായി ജീവിച്ചുതീര്‍ത്ത മഹാരധന്‍. ചെര്‍ക്കളത്തോട് പകരം വെക്കാന്‍ ചെര്‍ക്കളം മാത്രം. അകാലവിയോഗമെന്നോ ആകസ്മികമെന്നോ പറയാനാവില്ലെങ്കിലും അടുത്തെന്നും സംഭവിക്കരുതേ എന്ന് പരശ്ശതം മനസറിഞ്ഞ് പ്രാര്‍ത്ഥിച്ച വിയോഗമായിരുന്നു ചെര്‍ക്കളത്തിന്റെത്. അത്രമാത്രം കാസര്‍കോടിന്റെ, ഉത്തരമലബാറിന്റെ എല്ലാമെല്ലാമായിരുന്നു അദ്ദേഹം.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ വിജയിച്ച അദ്ദേഹം മതേതര വിശ്വാസികളുടെ അഭിമാനമായിരുന്നു. എല്ലാ മേഖലകളിലും വര്‍ഗ്ഗീയത കൊടി കുത്തി വാഴുമ്പോള്‍ സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ മഞ്ചേശ്വരത്ത് വെന്നികൊടി നാട്ടിയ ചെര്‍ക്കളത്തിന്റെ വിജയം മതേതര ഇന്ത്യയുടെ മഹത്തായ മാതൃകയായിരുന്നു. വര്‍ഗ്ഗ- വര്‍ണ്ണ- ഭാഷ – ദേശ വിത്യാസമില്ലാതെ ജനങ്ങളെ ഒന്നായി കാണാന്‍ കഴിയുന്ന ചെര്‍ക്കളം എന്ന രാഷ്ട്രീയ നായകന്റെ വ്യക്തിത്വം തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളുകയായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ ചെര്‍ക്കളത്തിനുള്ള കഴിവ് ഏവരും അംഗീകരിച്ച ഒന്നാണ്. വികസന രംഗത്ത് പിന്നോക്കം നിന്നിരുന്ന ഉത്തര മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിക്കുവാന്‍ മന്ത്രിയായി ചുമതലയേറ്റ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മന്ത്രി എന്ന നിലയില്‍ തുടക്കത്തില്‍ തന്നെ കഴിവ് പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലതയും വേഗതയും കാര്യപ്രാപ്തിയും കേരളം മുഴുക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. തന്റെ കീഴിലുളള വകുപ്പിനെ നിയന്ത്രണ വിധേയമാക്കി ജനോപകാരപ്രദമാക്കാന്‍ വളരെ കുറച്ചു നാളത്തെ പരിശ്രമം കൊണ്ട് സാധിച്ചതിലൂടെ നൈപുണ്യമുള്ള ഒരു ഭരണാധികാരികൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു. ചെയ്യേണ്ടത് ചെയ്യണ്ട സമയത്ത് തന്നെ ചെയ്തു തീര്‍ത്ത അദ്ദേഹത്തിന്റെ കഴിവുകള്‍ യു.ഡി.എഫ് മന്ത്രിസഭക്ക് കരുത്തായിരുന്നു. ജനകീയാസൂത്രണത്തിലെ അഴിമതി പുറത്തു കൊണ്ടുവരാനും വികസന പരിപാടികള്‍ സുതാര്യമാക്കുവാനും നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. തിരുവനന്തപുരത്തു നിന്നും ഒരു സര്‍ക്കാര്‍ ഉത്തരവ് കാസര്‍കോട്ടെത്താന്‍ ആഴ്ചകള്‍ വേണ്ടിവന്നിരുന്ന ഒരു ഘട്ടത്തിലാണ് മറ്റ് ഏതൊരു മണ്ഡലത്തെയും അസൂയപ്പെടുത്തുന്ന വികസന വിപ്ലവം മഞ്ചേശ്വരത്ത് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്.
അനുസരണയുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍, ആജ്ഞാ ശക്തിയുള്ള നേതാവ് ,മണ്ഡലത്തിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞ ജനപ്രതിനിധി, ഊര്‍ജ്ജസ്വലതയുടെ പ്രതികം ഇതൊക്കെയായിരുന്നു ചെര്‍ക്കളം. തൂവെള്ള വസ്ത്രത്തിന്റെ ഒളിമയില്‍ വെണ്‍മയൂറുന്ന നേതൃപാടവം കാട്ടി എതിരാളികളില്‍ പോലും വിസ്മയം ചൊരിയാന്‍ ചെര്‍ക്കളത്തിന് സാധിച്ചു. സാധാരണക്കാരെ സ്‌നേഹിച്ച ചെര്‍ക്കളം എന്നും അവര്‍ക്കു വേണ്ടി പൊരുതി കൊണ്ടിരിക്കുകയായിരുന്നു. ആരുടെ മുമ്പിലും തല കുനിക്കാതെ ന്യായമായ പ്രശ്‌നങ്ങളില്‍ സത്യസന്ധമായ നിലപാട് സ്വീകരിച്ച ചെര്‍ക്കളം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അനുകരണീയമായ സവിശേഷതയുള്ള വ്യക്തിത്വമായിരുന്നു. സംസ്ഥാന മുസ്ലിം ട്രഷററായുംകാസര്‍കോട് ജില്ലയില്‍ മുസ്ലിം ലീഗ് നേതൃസ്ഥാനത്ത് പല ഉന്നത സ്ഥാനങ്ങളും വഹിച്ച അദ്ദേഹം താന്‍ ഇരുന്ന സ്ഥാനങ്ങളിലെല്ലാം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച് മുസ് ലിം ലീഗിന്റെ ബഹുജന അടിത്തറ ഭദ്രമാക്കാന്‍ നേതൃപരമായ കഴിവും മിടുക്കും കാണിച്ചിട്ടുണ്ട്.