ന്യൂഡല്‍ഹി: ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധിപറയാനിരിക്കെ, കശ്മീരില്‍ സുരക്ഷ ശക്തമാക്കി. എഡിജിപി വിജയ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഉന്നത പൊലീസ്, ഇന്റലിജന്‍സ്, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സുരക്ഷയ്ക്കുള്ള സമഗ്ര പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം ഉള്‍പ്പെടെയുള്ള സാധ്യതകളും ചര്‍ച്ചാവിഷയമായി.
ഭരണഘടനയുടെ 370-ാം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റുകയും ചെയ്തതിനെതിരെ നാഷനല്‍ കോണ്‍ഫറന്‍സും ജെ ആന്‍ഡ് കെ ഹൈക്കോടതി ബാര്‍ അസോസിയേഷനും ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണു വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെടുന്നു.