X

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി; സുപ്രീംകോടതി വിധി തിങ്കളാഴ്ച

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക. 2019 ഓ​ഗസ്റ്റിലാണ് പ്രത്യേക പദവി റദ്ദാക്കിയത്.

ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുകയും ,​ ജമ്മു കാശ്മീരിനെ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത നടപടി ജനങ്ങളുമായി കൂടിയാലോചിക്കാതെയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്.

20 ലേറെ പരാതികളാണ് വിഷയത്തിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. 370ാം വകുപ്പ് റദ്ദാക്കിയത് കശ്മീരിൽ മുമ്പെങ്ങുമില്ലാത്ത വിധം സമാധാനവും സുസ്ഥിതിയും തിരിച്ചെത്തിച്ചെന്നും കല്ലെറിയലും സ്കൂൾ അടച്ചുപൂട്ടലും ഇപ്പോൾ സംഭവിക്കാറില്ലെന്നും കേന്ദ്രം സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, വകുപ്പ് റദ്ദാക്കിയ ശേഷമുള്ള സംഭവങ്ങളാണ് പുതിയ സത്യവാങ്മൂലത്തിലുള്ളതെന്നും ഭരണഘടന വിരുദ്ധമാണോ എന്ന വിഷയവുമായി അതിന് ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്താണ് ആർട്ടിക്കിൾ 370?

ഭരണഘടനപ്രകാരം കാശ്മീരിന് പ്രത്യേക പദവി നൽകുന്നതാണ് അനുച്ഛേദം 370. ഭരണഘടനയുടെ 21-ാം വിഭാഗത്തിലാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പ് നിലകൊള്ളുന്നത്. “താൽക്കാലികവും, മാറ്റം വരാവുന്നതും, പ്രത്യേക നിബന്ധനയുള്ളതുമായതാണ്” ഈ അനുച്ഛേദം. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കാശ്മീരിന്റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതോടെ ജമ്മുകാശ്മീരിന് പ്രത്യേക പദവി ഇല്ലാതായി.

webdesk13: