X
    Categories: keralaNews

സ്‌പെഷ്യല്‍ തപാല്‍ വോട്ട്: കോവിഡ് ബാധിതരുടെ പട്ടിക നാളെ മുതല്‍

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റിനിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക നാളെ മുതല്‍ തയ്യാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. മറ്റു ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കും.

ഡിസംബര്‍ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ നാളെത്തന്നെ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഏഴിന് വൈകുന്നേരം മൂന്നു വരെയുള്ള ദിവസങ്ങളിലെ സര്‍ട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളില്‍ കൈമാറേണ്ടതാണ്.

ഡിസംബര്‍ 10ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍മാര്‍ നവംബര്‍ 29ന് തയ്യാറാക്കണം. തുടര്‍ന്ന് ഡിസംബര്‍ ഏഴു വരെ കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റീനില്‍ ഉള്ളവരുടെയും ലിസ്റ്റും തയ്യാറാക്കണം. അത്തരത്തിലുള്ള ഒമ്പത് ജില്ലകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റുകള്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതേ ദിവസം തന്നെ അറിയിച്ചിരിക്കേണ്ടതാണ്.

ഇത്തരത്തില്‍ വോട്ടെടുപ്പിന് 10 ദിവസം മുമ്പ് മുതല്‍ അതത് ദിവസം ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ ലിസ്റ്റ് തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഈ പട്ടിക സ്‌പെഷ്യല്‍ വോട്ടറുള്‍പ്പെടുന്ന ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അതത് ദിവസം തന്നെ അയച്ചു നല്‍കണം.
ലിസ്റ്റില്‍ വരുന്ന വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ അയച്ചുകൊടുക്കും. സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിന് ശേഷമായിരിക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: