തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയക്കെടുതിയെക്കുറിച്ച് ഉപക്ഷേപം അവതരിപ്പിച്ചു. പ്രളയക്കെടുതിയിലെ നഷ്ടം വാര്‍ഷിക പദ്ധതി അടങ്കലിനേക്കാള്‍ അധികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് എല്ലാ ജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ 483 പേര്‍ മരിച്ചതായി അദ്ദേഹം പറഞ്ഞു. 14 പേരെ കാണാതായി. 140 പേര്‍ ചികിത്സ തേടി വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 59296 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനര്‍നിര്‍മാണം ഏതു രീതിയിലായിരിക്കണമെന്നത് ഏറെ പ്രാധാന്യമേറിയ വിഷയമാണെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പുനരധിവാസം സാധ്യമാക്കണോ എന്നതു സംബന്ധിച്ച ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ചര്‍ച്ച ആരംഭിച്ചു. നാലു മണിക്കൂര്‍ നീളുന്ന ചര്‍ച്ചക്കു ശേഷം സംസ്ഥാനം നേരിട്ട ഗുരുതര പ്രതിസന്ധിയെക്കുറിച്ചും പുനര്‍നിര്‍മാണ നടപടികളും സംബന്ധിച്ച് 275 ചട്ടം പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും.
മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി, ലോക്‌സഭാ മുന്‍ സ്പീക്കര്‍, സോമനാഥ് ചാറ്റര്‍ജി, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, മുന്‍ എം.എല്‍.എമാരായ ചെര്‍ക്കളം അബ്ദുല്ല, ടി.കെ അറുമുഖം, പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ എന്നിവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ് സഭാ നടപടികള്‍ ആരംഭിച്ചത്.