X
    Categories: gulfNews

തൊഴിലാളികള്‍ക്ക് അടിയന്തര ആരോഗ്യ സേവനങ്ങള്‍ക്ക് മുസഫയില്‍ പ്രത്യേക അത്യാഹിത വിഭാഗം

അബുദാബി: മുസഫയിലെ വ്യാവസായിക തൊഴിലാളികള്‍ക്ക് മികച്ച അത്യാഹിത ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ലൈഫ്‌കെയര്‍ ഹോസ്പിറ്റല്‍ പ്രത്യേക അത്യാഹിത വിഭാഗം ആരംഭിച്ചു.

രോഗികള്‍ക്ക് അടിയന്തര പരിചരണം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങള്‍ കൈവരിച്ച ആശുപത്രിക്ക് അബുദാബി ആരോഗ്യ വകുപ്പ് ലൈസന്‍സ് അനുവദിച്ചതോടെയാണ് പ്രത്യേക അടിയന്തിര വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്.

അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 999 കേസുകളടക്കം വ്യാവസായിക തൊഴിലിടങ്ങളിലെ പരിക്കുകള്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പുതിയ അത്യാഹിത വിഭാഗം മുഴുവന്‍ സമയ വൈദ്യ പരിചരണവും അടിയന്തര ചികിത്സയും നല്‍കും.

മുസഫ പോലീസ് ലെഫ്റ്റനന്റ് കേണല്‍ സുല്‍ത്താന്‍ ഹാദിര്‍, മുസഫ മുനിസിപ്പാലിറ്റി മാനേജര്‍ ഹമീദ് അല്‍ മര്‍സൂഖി, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സിഇഒ ജോണ്‍ സുനില്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സിഒഒ സഫീര്‍ അഹമ്മദ്, എന്നിവര്‍ ചേര്‍ന്ന് അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു. മുസഫ മുനിസിപ്പാലിറ്റിയിലെയും പോലീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.

വ്യാവസായിക മേഖലയിലെ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന ഹൃദയസംബന്ധമായ അത്യാഹിതങ്ങള്‍, സ്‌ട്രോക്കുകള്‍, ആസ്ത്മ, അലര്‍ജി എന്നിവയ്ക്കുള്ള ചികിത്സകള്‍ ആശുപത്രിയിലുണ്ട്. അടിയന്തര ശസ്ത്രകൃയ ഉള്‍പ്പെടെ മുഴുവന്‍ സൗകര്യങ്ങളുമുണ്ട്.

രോഗികള്‍ക്ക് അതിവേഗ പരിചരണം നല്‍കാനായി ഉന്നത പരിശീലനം ലഭിച്ച എമര്‍ജന്‍സി ഫിസിഷ്യന്‍മാര്‍, നഴ്‌സുമാര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരാണ് അത്യാഹിത വിഭാഗത്തിലുള്ളത്. ഹൃദയ പരിചരണം, ന്യൂറോ സര്‍ജറി, പള്‍മണോളജി, ന്യൂറോളജി, ഇഎന്‍ടി, യൂറോളജി, ഇന്റേണല്‍ മെഡിസിന്‍ എന്നിവയില്‍ സേവനം നല്‍കുന്ന സ്‌പെഷ്യലിസ്റ്റുകളും ആവശ്യാനുസരണം ഇവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.

വ്യാവസായിക മേഖലകളില്‍ അത്യാഹിത ആരോഗ്യ പരിചരണം, ആരോഗ്യ സ്‌ക്രീനിംങ്ങുകള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ അത്യാഹിത വിഭാഗം സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

അത്യാഹിത വിഭാഗം മുസഫ മേഖലയിലുള്ളവര്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണവും വിദഗ്ധ സേവനങ്ങളും ലഭ്യമാക്കുമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് സിഇഒ ജോണ്‍ സുനില്‍ പറഞ്ഞു.

webdesk13: