X
    Categories: CultureMoreNewsViews

ശബരിമലയില്‍ സ്ഥിതി ഗുരുതരം; സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: ശബരിമലയില്‍ സ്ഥിതി ഗുരുതരമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകും. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റെന്നും ചിലര്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതില്‍ ആചാര ലംഘനമെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജില്ലാ ജഡ്ജികൂടിയായ എം മനോജാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയുമായി ബന്ധപ്പെട്ട് തുലാമാസ പൂജാ സമയത്ത് ശബരിമലയിലുണ്ടായതിന് സമാനമായി ചിത്തിര ആട്ട വിശേഷത്തിനും പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാകും മണ്ഡല മകര വിളക്ക് സമയത്ത് സന്നിധാനത്തേക്ക് എത്തുക. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സന്നിധാനം കൂടുതല്‍ കലുഷിതമാകും. തിക്കിലും തിരക്കിലും തീര്‍ത്ഥാടകര്‍ക്ക് ജീവാപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞാണ് അരങ്ങേറുന്നത്. സുരക്ഷാഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല.
രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്തണമെന്നും എം മനോജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ശബരിമലയിലെ സാഹചര്യങ്ങള്‍ അക്കമിട്ട് വിശദീകരിച്ചും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചുമാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഹൈക്കോടതി അടുത്തമാസം പരിഗണിക്കും.
നവംബര്‍ 17നാണ് മണ്ഡലകാലം ആരംഭിക്കുന്നത്. സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയില്‍ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും സുപ്രീം കോടതി നവംബര്‍ 13ന് പരിഗണിക്കാനിരിക്കെയാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് വിവാദമായിരുന്നു. ഈ വിഷയവും ചൂണ്ടിക്കാട്ടി പേരുപറയാതെ നടന്നത് ആചാരലംഘനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുലാമാസ പൂജക്ക് നട തുറന്നപ്പോഴുണ്ടായ സാഹചര്യങ്ങള്‍ വ്യക്തമാക്കി ഒക്ടോബറിലും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: