ഹിജാബിന്റെ തര്‍ക്കങ്ങളും വിവാദങ്ങളും കെട്ടടങ്ങാതെ കര്‍ണാടക. ഇന്നും നാടകീയമായ സംഭവങ്ങളാണ് കോളേജില്‍ അരങ്ങേറിയത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ഒഴിഞ്ഞ മറ്റൊരു ക്ലാസ്സില്‍ പ്രവേശിപ്പിക്കുകയും ഇവര്‍ക്ക് അധ്യായനം ഉണ്ടായിരിക്കില്ലെന്ന് കോളേജ് അധികൃതര്‍ നിലപാടെടുക്കുകയുമായിരുന്നു.
ഉടുപ്പിയിലെ ജൂനിയര്‍ പിയു കോളേജിലാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികളെ മാറ്റി ഇരുത്തിയത്. വിദ്യാര്‍ത്ഥികള്‍ ഗേറ്റിനു മുന്‍പില്‍ കൂട്ടംകൂടി പ്രതിഷേധിക്കുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.
അതിനിടെ ഹിജാബ് ഒഴിവാക്കിയാല്‍ മാത്രമേ ക്ലാസില്‍ കയറാന്‍ അനുവദിക്കൂ എന്നാണ് പ്രിന്‍സിപ്പല്‍ രാമകൃഷ്ണ പറയുന്നത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചതായും കോളേജ് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.