കൊച്ചി: ഭരണഘടനാ സ്ഥാപനങ്ങള്‍ അവയുടെ ചുമതലകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച മുന്‍ ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ നാലു തൂണുകളില്‍ നെടുംതൂണായിട്ടുള്ളത് നിയമനിര്‍മാണം തന്നെയാണ്. ഈ നെടുംതൂണിന്റെ കടയ്ക്കല്‍ ജുഡീഷ്യറി കത്തിവക്കരുത്. നിയമനിര്‍മാണസഭയില്‍ രൂപീകരിക്കുന്ന നിയമങ്ങള്‍ ജനങ്ങളുടെ അഭിലാഷങ്ങളില്‍ നിന്ന് രൂപമെടുക്കുന്നതാണ്. നിയമങ്ങള്‍ ഭരണഘടനയുടെ അന്ത:സത്തക്ക് വിരുദ്ധമാകുമ്പോഴോ വിവേചനപരമാകുമ്പോഴോ അവ പരിശോധിക്കാന്‍ നീതിന്യായവ്യവസ്ഥക്ക് ബാധ്യതയുണ്ട്. എന്നാല്‍ ഈ ബാധ്യത ജനാധിപത്യത്തിന്റെ നെടുംതൂണിനെതിരായ അധികാരദണ്ഡായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. നിയമങ്ങളില്‍ കുറവുകളുണ്ടെങ്കില്‍ അത് തിരുത്തേണ്ടതും ആവശ്യം തന്നെ. എന്നാല്‍ മാധ്യമങ്ങളുടെ വാര്‍ത്തയെ അധികരിച്ച,് പക്ഷം പിടിച്ച്, ഉത്തരവാദിത്തരഹിതമായി അഭിപ്രായപ്രകടനം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. ജനാധിപത്യത്തിന്റെ ഉന്നമനത്തിന് നിയമനിര്‍മാണസഭയും നീതിന്യായ വ്യവസ്ഥയും തമ്മില്‍ പൊതുസമവായത്തിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ഭരണഘടന കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ട സന്ദര്‍ഭമാണിതെന്നും സ്പീക്കര്‍ പറഞ്ഞു.
- 7 years ago
chandrika
ഭരണഘടനാ സ്ഥാപനങ്ങള്‍ സാധ്യതകളും പരിമിതികളും മനസ്സിലാക്കണം: സ്പീക്കര്‍
Tags: speaker