X

‘നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക’; എസ്.എഫ്.ഐക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്.എഫ്.ഐക്കാര്‍ കുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മനം മടുപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ വേണ്ടെന്നും ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണപരാജയമാണെന്നും സ്പീക്കര്‍ പറഞ്ഞു. ലജ്ജാഭാരം കൊണ്ട് ശിരസ് താഴുകയാണ്. ശിരസുകുനിച്ച് മാപ്പപേക്ഷിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ ചെയ്യേണ്ടതെന്നും നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണമെന്നും എസ്.എഫ്.ഐയോട് സ്പീക്കര്‍ പറയുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇത്തരം പരാമര്‍ശങ്ങളുള്ളത്.

്അതിനിടെ, യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന് എഫ്‌ഐആര്‍. യൂണിറ്റ് സെക്രട്ടറി നസീമിന്റെ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കി.

എന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ഉയര്‍ന്നുവരുന്ന ആക്ഷേപം. കുത്തേറ്റ അഖില്‍ ചന്ദ്രന്റെ മൊഴി എടുത്ത ശേഷം ഒളിവിലുള്ള പ്രതികളെ പിടികൂടുമെന്നാണ് കന്റോന്‍മെന്റ് പൊലീസ് പറയുന്നത്. സംഭവത്തില്‍ എഐഎസ്എഫ് ഉള്‍പ്പെടെയുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും.

അതേസമയം, വിദ്യാര്‍ഥിയെ കുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഏഴ് പ്രതികളാണ് ഒളിവിലുളളതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി പൊലീസ് പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തി. ഇവിടെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇവര്‍ കീഴടങ്ങാന്‍ ഇടയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അടക്കമുളളവരാണ് ഒളിവിലുളളത്.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനാണ് ഇന്നലെ കുത്തേറ്റത്. അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം കാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജന ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയും കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അഖില്‍

എന്റെ ഹൃദയം നുറുങ്ങുന്നു,
കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു.
ഓര്‍മ്മകളില്‍ മാവുകള്‍ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.

സ്‌നേഹസുരഭിലമായ ഓര്‍മ്മകളുടെ
ആ പൂക്കാലം.
‘എന്റെ, എന്റെ ‘എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓര്‍ത്തെടുക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സ്‌നേഹനിലാവ്.

യുവലക്ഷങ്ങളുടെ ആ സ്‌നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്.
ഈ നാടിന്റെ സര്‍ഗ്ഗാത്മക യൗവ്വനത്തെയാണ് നിങ്ങള്‍
ചവുട്ടി താഴ്ത്തിയത്.

നിങ്ങള്‍ ഏതു തരക്കാരാണ്?
എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല?
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍?
നിങ്ങളുടെ ഈ ദുര്‍ഗന്ധം
ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം
നമുക്ക് വേണ്ട.
ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണ പരാജയത്തിന്റെ നരകമാണ്.
തെറ്റുകള്‍ക്കുമുമ്പില്‍ രണ്ടു വഴികളില്ല,
ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.
നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.
കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓര്‍മ്മകള്‍ മറക്കാതിരിക്കുക.

ഓര്‍മ്മകളുണ്ടായിരിക്കണം,
അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്.
ചിന്തയും വിയര്‍പ്പും,
ചോരയും കണ്ണുനീരുമുണ്ട്.

chandrika: