കഴിവുകെട്ട സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും ന്യായീകരിക്കേണ്ട ഉത്തരവാദിത്തം സ്പീക്കർക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. സ്പീക്കർ വിവാദങ്ങളിൽ നിന്നും മാറി നിൽക്കേണ്ട ആളാണെന്നും സ്പീക്കർ റഫറിയായി നിൽക്കേണ്ട ആളാണെന്നും അദ്ദേഹം പറഞ്ഞു.
കളിക്കളത്തിൽ ഇറങ്ങി ഒരു ടീമിനെതിരെ ഗോളടിക്കാൻ നോക്കാനാണ് സ്പീക്കർ ശ്രമിക്കുന്നത്. ഇപ്പോഴുള്ളത് കഴിവുകെട്ട ആഭ്യന്തരമാണ്. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാൺ ഷംസീർ പറഞ്ഞതുപോലെ പ്രധാനപ്പെട്ട സംഘടനയുടെ കയ്യിലാണ്. ആരോപണം മുഴുവൻ വന്നിട്ടും എഡിജിപിയെ മാറ്റിയില്ല. മടിയിൽ കനം ഉള്ളതുകൊണ്ട് തന്നെയാണ് വഴിയിൽ ഭയക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു.
ആർഎസ്എസ് നേതാവുമായി എഡിജിപി എം ആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് പി.എം.എ സലാമിന്റെ പ്രതികരണം. ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നും സ്പീക്കർ പറഞ്ഞു.