X

ലോക്‌സഭാ സ്പീക്കർ സ്ഥാനം; എൻ.ഡി.എയിൽ സമ്മർദ്ദ തന്ത്രവുമായി സഖ്യ കക്ഷികൾ

മൂന്നാം എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 24 നാണ് ആരംഭിക്കുന്നത്. 8 ദിവസം നീണ്ടു നില്‍ക്കുന്ന സെഷനില്‍ 26 നാണ് ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എന്നാല്‍ സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് ഭരണകക്ഷിയായ എന്‍.ഡി.എയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

ബി.ജെ.പി എന്തു തീരുമാനം എടുത്താലും അതിനെ പിന്തുണക്കുമെന്ന് നിതീഷ് കുമാറിന്റെ ജനദാതള്‍ (യു) പറയുമ്പോള്‍ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളുടെയും സമ്മതത്തോടെയാണ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കേണ്ടതെന്നാണ് ടി.ഡി.പിയുടെ നിലപാട്.

ജെ.ഡി.യുവും ടി.ഡി.പിയും എന്‍.ഡി.എയില്‍ സഖ്യകക്ഷികളാണെന്നും ബി.ജെ.പി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും ജനതാദള്‍ (യു) നേതാവ് കെ.സി ത്യാഗി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, സമവായമുള്ള സ്ഥാനാര്‍ഥിക്ക് മാത്രമേ സ്പീക്കര്‍ സ്ഥാനം ലഭിക്കൂവെന്ന് ടി.ഡി.പി ദേശീയ വക്താവ് പട്ടാഭി റാം കൊമറെഡ്ഡി തിരിച്ചടിച്ചിട്ടുണ്ട്.

അതേ സമയം, സ്പീക്കര്‍ സ്ഥാനം സഖ്യക്ഷികള്‍ക്ക് നല്‍കണമെന്നും ബി.ജെ.പിക്ക് സ്പീക്കര്‍ പദവി കിട്ടിയാല്‍ ജെ.ഡി.യുവും ടി.ഡി.പിയും തങ്ങളുടെ എം.പിമാരെ കുതിര കച്ചവടം നടത്തുന്നത് കാണേണ്ടിവരുമെന്നും കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു.

സ്പീക്കര്‍ സ്ഥാനത്തേക്ക് ജെ.ഡി.യുവിനെയും ടി.ഡി.പിയെയും പരിഗണിക്കണമെന്നാണ് ഇന്‍ഡ്യ സഖ്യത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ അഭിപ്രായം. അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം മത്സരിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.

webdesk13: