X

സ്പീക്കര്‍ എ.എന്‍ ശംസീറിനെ തുണക്കാതെ സി.പി.എം; വിവാദം പടര്‍ത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ആശങ്ക

സ്പീക്കര്‍ എ.എന്‍ ശംസീര്‍ നടത്തിയ ഗണപതി യുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ സി.പി.എം ഉരുണ്ടുകളിക്കുന്നതായി പരാതി. പ്രധാനനേതാക്കളൊന്നും സ്പീക്കറെ തുണയ്ക്കാനെത്തതാണ് പ്രശ്‌നം. പി. ജയരാജന്‍ മാത്രമാണ് ഇതുവരെ സ്പീക്കറെ പിന്തുണച്ചെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തെങ്കിലും പറഞ്ഞാല്‍ വികാരം വ്രണപ്പെടുമോ എന്നാണ് പല നേതാക്കളുടെയും ചിന്തയത്രെ. ഹൈന്ദവവിശ്വാസങ്ങളെയല്ല, ശംസീര്‍ വിമര്‍ശിച്ചതെന്നും സംഘപരിവാറിന്റെ പുതിയ വാദഗതികളെയാണെന്നും സ്പീക്കര്‍ പറയുമ്പോള്‍ ജയരാജന്‍ പോലും വിഷയത്തിലേക്ക് വരാതെ പ്രകോപനം സൃഷ്ടിക്കുകയാണ്‌ചെയ്തത്. യുവമോര്‍ച്ചക്കാരെ മോര്‍ച്ചറിയിലാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയോ എം.വി ഗോവിന്ദനോ ഇതുവരെ ശംസീറിനെ പ്രതിരോധിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ തന്നെ വിഷയം തണുപ്പിക്കാനായിരുന്നെങ്കില്‍ എന്‍.എസ്.എസ് കൂടി രംഗത്തുവരില്ലായിരുന്നുവെന്നാണ് നേതാക്കള്‍ മുറുമുറുക്കുന്നത്. മുഖ്യമന്ത്രി പത്രക്കാരെ കണ്ടിട്ട് രണ്ടുമാസമായി. ഗോവിന്ദനാകട്ടെ പാര്‍ട്ടിയുടെ പരിപാടികളിലും. ഇതിനിടെ ശംസീര്‍ എന്തിനാണ് വെറുതെ വിവാദമുണ്ടാക്കിയതെന്നാണ് അദ്ദേഹത്തിന്റെ എതിരാളികള്‍ ചോദിക്കുന്നത്. ആദ്യഘട്ടത്തില്‍ ശംസീറിനെ തഴഞ്ഞ പിണറായി കോടിയേരി മരണപ്പെട്ടതോടെയാണ് ശംസീറിന് സ്പീക്കര്‍ പദവി നല്‍കി സാന്ത്വനിപ്പിച്ചത്. അത് രാജിവെക്കേണ്ടിവരുന്നത് ശംസീറിനും സി.പി.എമ്മിനും നിനക്കാനാകില്ല. ഏതായാലും ശംസീര്‍ മാപ്പുപറയട്ടെ എന്നാണ് ചില നേതാക്കള്‍ ആവശ്യപ്പെടുന്നത്. ശംസീറിനാകട്ടെ പാര്‍ട്ടിയിലേക്കാള്‍ പുറത്തുനിന്ന് പിന്തുണ ലഭിക്കുന്നത് തിരുത്തലിന് തയ്യാറാകാത്ത അവസ്ഥ സൃഷ്ടിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയമാണ് താന്‍ പറഞ്ഞതെന്നാണ് ശംസീര്‍ പറയുന്നതെങ്കിലും അത് ഇങ്ങനെ ഇക്കാലത്ത് പറയാമോ എന്നാണ് ചില നേതാക്കള്‍ ചോദിക്കുന്നത്.
പ്രശ്‌നം വഷളാകാതെ തെരഞ്ഞെടുപ്പ് അടുത്തെത്തിയ കാലത്ത് വിഷയത്തില്‍ പരസ്യമായ തിരുത്തലിന് തയ്യാറാകുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. അതേ സമയം എന്‍.എസ്.എസ്- ബി.ജെ.പി പ്രതിഷേധത്തിനിടെയും എസ്.എന്‍.ഡി.പി നേതാക്കള്‍ മൗനം പാലിക്കുന്നത് വിഷയത്തില്‍ ശംസീറിനും പാര്‍ട്ടിക്കും ആശ്വാസവുമാണ്.

Chandrika Web: