ചെന്നൈ: കഴിഞ്ഞ ദിവസം വിടപറഞ്ഞ അനശ്വര ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം ഓര്‍മ്മിക്കപ്പെടുന്നത് ഗായകന്‍ എന്നതിനൊപ്പം മഹാനായ മനുഷ്യസ്‌നേഹി എന്ന നിലയില്‍ കൂടിയാണ്. അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയുടെ കാരുണ്യത്തെക്കുറിച്ചുള്ള നിരവധി അനുഭവങ്ങളാണ് പലരും പങ്കുവെക്കുന്നത്. പതിനാലാം വയസില്‍ തന്റെ കരിയര്‍ മാറ്റിമറിച്ച എസ്പിബിയുടെ ഇടപെടലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെക്കുകയാണ് ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്.
സൗമ്യനായ മഹാപ്രതിഭ വിടവാങ്ങിയെന്ന വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. എന്റെ ആദ്യ സ്‌പോണ്‍സറായിരുന്നു അദ്ദേഹം. 1983ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഞങ്ങളുടെ ചെന്നൈ ടീമിന്റെ സ്‌പോണ്‍സര്‍ എസ്പിബിയായിരുന്നു. ജീവിതത്തില്‍ കണ്ടുമുട്ടിയ സൗമ്യനായ മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ നമ്മെ ഏറെ സന്തോഷിപ്പിച്ചു-ആനന്ദ് ട്വീറ്റ് ചെയ്തു.
1983ലെ ദേശീയ സബ് ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന് വേദിയായത് മുംബൈ ആയിരുന്നു. മദ്രാസ് കോള്‍ട്ട്‌സ് എന്ന പേരിലുള്ള നാലംഗ ടീമിന് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കണമെങ്കില്‍ സ്‌പോണ്‍സറെ വേണം. മദ്രാസ് കോള്‍ട്ട്‌സ് ടീമില്‍ പ്രതിഭാശാലിയായ ഒരു പതിനാലുകാരനുണ്ടെന്ന് അറിഞ്ഞ എസ്പിബി രണ്ടാമതൊന്ന് ആലോചിക്കാതെ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി. ടൂര്‍ണമെന്റില്‍ വിജയിച്ച ആനന്ദ് ദേശീയ തലത്തില്‍ വരവറിയിച്ചു. പിന്നീട് നടന്നത് ചരിത്രം. ലോകം കണ്ട എക്കാലത്തെയും ചെസ് ഇതിഹാസങ്ങളില്‍ ഒരാളായി മാറിയ ആനന്ദിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് അന്ന് എസ്പിബി നല്‍കിയ സ്‌പോണ്‍സര്‍ഷിപ്പായിരുന്നു.