X

രോഗികളുടെയും ബന്ധുക്കളുടെയും മട്ട് മാറി: ഡോക്ടര്‍മാരുടെ ജീവന്‍ തുലാസില്‍

കെ.പി ജലീല്‍

ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നത് കേരളത്തിലെ ആരോഗ്യമേഖലക്ക് തന്നെ വെല്ലുവിളിയാകുന്നു. ഇന്നലെ കൊട്ടാരക്കരയില്‍ യുവ ഹൗസ് സര്‍ജന്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ടത് കേരളത്തില്‍ ഭിഷഗ്വരന്മാര്‍ക്ക് നേരെ നടക്കുന്ന നിരവധി സംഭവങ്ങളില്‍ ഒടുവിലത്തേതാണ്. കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോ. അശോകന്‍ രക്ഷപ്പെട്ടത് പൊലീസിന്റെയും സെക്യൂരിറ്റിക്കാരുടെയും സമയോചിത ഇടപെടല്‍ കാരണമായിരുന്നു. നിസ്സാരകാര്യത്തിന് പോലും ഡോക്ടര്‍മാര്‍ക്ക് നേരെ തട്ടിക്കയറുകയും ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നടന്നതും സമാനമായ സംഭവമാണ്. പ്രതി സ്‌കൂള്‍ അധ്യാപകന്‍ സന്ദീപ് യാതൊരു കാരണവുമില്ലാതെയാണ് ഡോക്ടറെ കുത്തിയതും സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞതും. ജീവിതത്തിലെ ചിരകാലാഭിലാഷമായ ഡോക്ടര്‍ ബിരുദംനേടി ഹൗസ് സര്‍ജന്‍സിയില്‍ കരിയര്‍ ആരംഭിച്ച യുവതിയായിരുന്നു ഡോ. വന്ദനദാസ്. ഇതുകാരണം അവരുടെ കുടുംബത്തിനുണ്ടായ മാനസികാഘാതം ഒട്ടും കുറച്ചുകാണാനാകില്ല. ഒരു പോലീസുകാരന്‍ പോലും ചികില്‍സക്കിടെ അടുത്തുണ്ടായിരുന്നെങ്കില്‍ അവര്‍ ഹാജരാക്കിയ വയലന്റാകുമെന്നുറപ്പുള്ള അധ്യാപകനില്‍നിന്ന് ആ യുവഡോക്ടറെ രക്ഷിക്കാമായിരുന്നില്ലേ?

തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ രോഗികള്‍ മരിക്കുകയും രോഗം ഗുരുതരമാകുകയും ചെയ്യുന്നതിനാണ് ആക്രമണങ്ങളുണ്ടാകുന്നതെന്നാണ ്‌ഡോക്ടര്‍മാരുടെ പരാതി. പലപ്പോഴും ഗുരുതരനിലയിലാകും രോഗികളെ ശുശ്രൂഷിക്കേണ്ടിവരുന്നത്. താന്‍ പാതി ,ദൈവം പാതി എന്നേ ഇക്കാര്യത്തില്‍ പറയാനാകൂ. എന്നാലും എല്ലാം ഡോക്ടര്‍മാരുടെ കുറ്റമെന്ന് പറഞ്ഞ് ആക്രമിക്കപ്പെടുകയാണ് പതിവ്. രോഗികളുടെ ബന്ധുക്കളുടെ മാനസികാവസ്ഥ തിരിച്ചറിയാനും അവരെ ശാന്തരാക്കാനുമുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്തേണ്ടത് അതാത് ആശുപത്രികളും സര്‍ക്കാരുമാണ്. എന്നാല്‍ സര്‍ക്കാര്‍ ആരോഗ്യമേഖലയെക്കുറിച്ച് മേനി നടിക്കുകയും നിസ്സാരകാര്യത്തിന് ഡോക്ടര്‍മാരെ പഴിക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും വരെയാണ്. കേരളത്തിലെ ആതുരമേഖലയില്‍ ഡോക്ടര്‍മാര്‍ ജോലിചെയ്യാന്‍മടികാട്ടുന്നതും ഇതുകൊണ്ടുതന്നെയെന്ന് ഐ.എം.എ പറയുന്നു. ക്രിമിനല്‍ സ്വഭാവമുള്ള ഡോക്ടര്‍മാരുടെ എണ്ണം വളരെ വിരളമായിട്ടും എല്ലാ ഡോക്ടര്‍മാരെയും കുറ്റവാളികളാക്കുന്ന പ്രവണതയാണ ്കാണുന്നത്. ഏതെങ്കിലും ഒരു ഡോക്ടര്‍ വൈകാതെ കേരളത്തില്‍ കൊല്ലപ്പെടാമെന്ന് മുന്നറിയിപ്പ് നല്‍കിയത് ഡോ. സുല്‍ഫിനൂഹാണ്. ഏതാനും ആഴ്ച മുമ്പായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നിട്ടും താനൂരിലേതുപോലെ സര്‍ക്കാരും പ്രത്യേകിച്ച് ആരോഗ്യവകുപ്പും പതിവ ്തക്കിടകളുമായി രംഗത്തുവരും. ഏതാനും ദിവസം എല്ലാം ഭദ്രമെന്നുറപ്പ് വരുത്തും. പിന്നീട് പഴയ പടി. സമഗ്രമായ നിയമനിര്‍മാണത്തിനൊപ്പം.ഡോക്ടര്‍മാരുടെ സുരക്ഷക്ക് അതാതിടങ്ങളില്‍ യൂറോപ്യന്‍ മാതൃകയില്‍ സൗകര്യങ്ങളും സംവിധാനവും ഏര്‍പെടുത്തുകയാണ് ഇതിന് പരിഹാരം.

‘ ഏതൊരു ഡോക്ടറും ഏത് സമയവും ശ്രദ്ധിച്ചിരുന്നാലും ആക്രമിക്കപ്പെടാം’ ഇതെഴുതിയത് 135 വര്‍ഷം മുമ്പാണ്. അതും അമേരിക്കയിലെ ഒരു മാസികയില്‍. എന്നാലിത് ഇന്നും പല്ലന ബോട്ടപകടത്തിന് 100 വര്‍ഷം തികഞ്ഞിട്ടും താനൂരില്‍ ബോട്ടപകടമുണ്ടാകുന്നതുപോലെ പല്ലവിയായി മാറിയിരിക്കുന്നു ! യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും സര്‍ക്കാരുകളാണ് പൗരന്മാരുടെ ചികില്‍സാ ചെലവ് വഹിക്കുന്നത്. എന്നാല്‍ ഇന്ത്യപോലുളള രാജ്യങ്ങളില്‍ കയ്യില്‍നിന്നുള്ള പണമെടുത്ത്ചികില്‍സിക്കേണ്ടിവരുന്ന രോഗിയുടെയും കുറഞ്ഞ ശമ്പളത്തിന് പണിയെടുക്കേണ്ടിവരുന്ന ഡോക്ടറുടെയും അവസ്ഥയാണ് പരിതാപകരവും ആശങ്കാജനകവും. സര്‍ക്കാരുകള്‍ക്കാണ് ഇതിനുളള ഉത്തരവാദിത്തം. എന്നിട്ടാണ് ജനത്തെ ബോധവല്‍കരിക്കേണ്ടത്. രോഗിയുടെയും സമൂഹത്തിന്റെയും ജീവന്‍ ഡോക്ടറുടെ കയ്യിലാണെന്നും ഡോക്ടരുടെ ജീവന് അതിനേക്കാള്‍ വിലയുണ്ടെന്നും എല്ലാവരും മറക്കാതിരിക്കുക.!

Chandrika Web: