ഇസ്‌ലാമാബാദ്/വാഷിങ്ടണ്‍: പാകിസ്താന്‍ അമേരിക്കയെ വിഡ്്ഢിയാക്കിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായി. ട്രംപിന്റെ വിരുദ്ധ ട്വീറ്റിനെതിരെ പാക് മന്ത്രിമാര്‍ രംഗത്തെത്തിയതോടെ യു.എസും പാകിസ്താനും തമ്മില്‍ തുറന്ന പോരിന് വേദിയായിരിക്കുകയാണ്.
15 വര്‍ഷമായി പാകിസ്താനു നല്‍കിയ സഹായങ്ങള്‍ ശുദ്ധമണ്ടത്തരമായിരുന്നുവെന്നും അത് തുടരില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തതോടെ പാകിസ്താനുള്ള 255 ദശലക്ഷം ഡോളറിന്റെ സഹായം യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വെട്ടിക്കുറച്ചു. എന്നാല്‍ അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന നിലപാടിലാണ് പാകിസ്താന്‍. ഇക്കാര്യം പാക് വിദേശമന്ത്രി ഖ്വാജ ആസിഫും തുറന്നടിക്കുകയും ചെയ്തു.
ട്രംപ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഒരു പ്രാധാന്യവുമില്ല. പാകിസ്താനു ലഭിച്ച എല്ലാ സഹായങ്ങളുടെയും വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തയാറാണ്. ലഭിച്ച സഹായങ്ങള്‍ക്ക് തങ്ങള്‍ തിരിച്ച് സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്താനിലുണ്ടായ അമേരിക്കയുടെ പരാജയം മറച്ചു വെക്കാനാണ് ട്രംപിന്റെ പാക് വിരുദ്ധ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
’15 വര്‍ഷങ്ങളിലായി പാകിസ്താന് നല്‍കിയ 3300 കോടി ഡോളറിന്റെ സാമ്പത്തിക സഹായം വിഡ്ഡിത്തരമായിരുന്നു. കള്ളവും വഞ്ചനയുമാണ് അമേരിക്കക്കു തിരിച്ചു ലഭിച്ചത്.’, ഇതായിരുന്നു പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ട്രംപിന്റെ പുതുവര്‍ഷ ട്വീറ്റ്.
അതിരൂക്ഷമായാണ് പാക് പ്രതിരോധമന്ത്രി ഖുറാം ദസ്തഗീര്‍ ഖാനും ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്. തീവ്രവാദവിരുദ്ധ സഖ്യം എന്ന രീതിയില്‍ കഴിഞ്ഞ 16 വര്‍ഷങ്ങളില്‍ അല്‍ഖാഇദയെ ഇല്ലായ്മ ചെയ്യുന്നതിന് യു.എസിന് കരവ്യോമ സൈനിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ആക്ഷേപവും അവിശ്വാസവുമാണ് തിരിച്ച് ലഭിച്ചതെന്നും പ്രതിരോധമന്ത്രി പ്രതികരിച്ചു.
അതിനിടെ, വിഷയം ചര്‍ച്ച ചെയ്യുന്നതിന് പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി അടിയന്തര മന്ത്രിസഭായോഗവും ദേശീയ സുരക്ഷാസമിതി യോഗവും വിളിച്ചിട്ടുണ്ട്.