X

തോല്‍വിക്ക് പിറകെ രാജി

മാഡ്രിഡ്: സ്പാനിഷ് കിങ്‌സ് കപ്പ് ഫൈനലില്‍ ബാര്‍സലോണയോട് തോറ്റതിനെ തുടര്‍ന്ന് ഡിപോര്‍ട്ടിവോ അലാവസ് കോച്ച് മൗറീഷ്യോ പെല്ലഗ്രിനോ സ്ഥാനമൊഴിഞ്ഞു. അടുത്ത സീസണില്‍ താന്‍ ക്ലബ്ബിനൊപ്പമുണ്ടാവില്ലെന്നും ഇക്കാര്യം നേരത്തെ ക്ലബ്ബ് അധികൃതരുമായി ചര്‍ച്ച ചെയ്തതാണെന്നും അര്‍ജന്റീനക്കാരന്‍ വ്യക്തമാക്കി.

ഒരു പതിറ്റാണ്ടിനു ശേഷം ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ അലാവസിനെ ആദ്യസീസണില്‍ തന്നെ ഒമ്പതാം സ്ഥാനത്തെത്തിക്കാന്‍ പെല്ലഗ്രിനോക്ക് കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ബാര്‍സലോണ, വലന്‍സിയ, വിയ്യാ റയല്‍ തുടങ്ങിയ ടീമുകളെ തോല്‍പ്പിക്കുകയും ചെയ്തു. വകരുത്തരായ ക്ലബ്ബുകള്‍ ഏറെയുള്ള സ്‌പെയിനില്‍ ചരിത്രത്തിലാദ്യമായി അലാവസിനെ കിങ്‌സ് കപ്പ് ഫൈനലിലെത്തിക്കാനും 45-കാരനു കഴിഞ്ഞു. കലാശപ്പോരില്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു തോല്‍വി.
2005-2006 സീസണില്‍ പെല്ലഗ്രിനോ കളിക്കാരനായിരിക്കുമ്പോഴാണ് അലാവസ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടത്. കളിക്കാരനെന്ന പ്രതിരോധ നിരക്കാരനായിരുന്ന പെല്ലഗ്രിനോ ആ സീസണിനു ശേഷം വിരമിക്കുകയും ചെയ്തു. വിയ്യാ റയല്‍ ബി ടീമിനെ പരിശീലിപ്പിച്ച് കോച്ചിങ് കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് ലിവര്‍പൂളില്‍ റാഫേല്‍ ബെനിറ്റസിന്റെ അസിസ്റ്റന്റ് ആയി. പിന്നീട് ഇന്റര്‍ മിലാനിലും ഇരുവരും ഒന്നിച്ചു പ്രവര്‍ത്തി്ചചു. 2012-ല്‍ വലന്‍സിയയെയാണ് പെല്ലഗ്രിനോ ആദ്യമായി സ്വതന്ത്രമായി പരിശീലിപ്പിച്ചത്. പിന്നീട് അര്‍ജന്റീനാ ലീഗില്‍ എസ്തുദിയാന്റസ് ദെ ലാ പ്ലാറ്റയിലും കോച്ചിങ് ജോലി നോക്കി. 2016-ല്‍ അലാവസ് ലാലിഗയില്‍ തിരിച്ചെത്തിയതിനു ശേഷമാണ് പെല്ലഗ്രിനോ വീണ്ടും സ്‌പെയിനിലെത്തി കോച്ചിങ് കുപ്പായമണിയുന്നത്.

chandrika: