അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : സ്‌പാനിഷ് സൂപ്പർ കപ്പ് അജയ്യരായ ബാഴ്‌സലോണക്ക്. ശക്തരായ റയൽ മാഡ്രീഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബാഴ്‌സലോണ ചാമ്പ്യൻമാരായത്. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് ബദ്ധവൈരികളായ ഇരുടീമുകളും ഏറ്റുമുട്ടിയത്. കളിയുടെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ബാഴ്‌സ രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി നേടി വിജയ പട്ടിക പൂർത്തിയാക്കി. രണ്ടാം പകുതിയുടെ അവസാന നിമിഷത്തിലാണ് മാഡ്രിഡ് ആശ്വാസ ഗോൾ നേടിയത്.
മുപ്പത്തിമൂന്നാമത്തെ മിനിറ്റിൽ പാബ്ലോ ഗവിരയാണ് ബാഴ്‌സക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. നാലയത്തിയഞ്ചാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി രണ്ടാം ഗോളും രണ്ടാം പകുതിയിലെ അറുപത്തിയൊമ്പതാം മിനിറ്റിൽ പെഡ്രോ ഗോൺസാലസ് ലോപസ് മൂന്നാം ഗോളും നേടി ഏകപക്ഷീയമായി ശക്തി തെളിയിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് കരിം ബെൻസിമയിലൂടെ മാഡ്രിഡ് ആശ്വാസ ഗോൾ തിരിച്ചടിച്ചത്. ഒരു ഗോൾ അടിക്കുകയും മറ്റു രണ്ടു ഗോളുകൾക്ക് അവസരങ്ങൾ ഒരുക്കുകയും ചെയ്ത പാബ്ലോ ഗവിരയാണ് മാൻ ഓഫ് ദി മാച്ച്. ബാഴ്‌സയുടെ പരിശീലകനായി മുൻ കളിക്കാരൻ സാവി ചുമതലയേറ്റ ശേഷമുള്ള ആദ്യ പോരാട്ടമാണ് റിയാദിൽ നടന്നത്. ഇത് രണ്ടാം തവണയാണ് സ്പാനിഷ് സൂപ്പർ കപ്പ് സഊദിയിൽ നടക്കുന്നത്. കഴിഞ്ഞ തവണ റയൽ മാഡ്രിഡിനായിരുന്നു കപ്പ്. 15 തവണ ബാഴ്‌സലോണ നേടിയപ്പോൾ 13 തവണയാണ് റയൽ മാഡ്രിഡ് സ്‌പാനിഷ് കപ്പിൽ മുത്തമിട്ടത്.