X

സ്‌പെയിനിനെ വിറപ്പിച്ച് ഇറാന്‍ കീഴടങ്ങി

സ്‌പെയിനിനെതിരെ ഹാട്രിക്കുമായി ഒറ്റക്കു പൊരുതിയ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി പോര്‍ച്ചുഗലിന് രക്ഷകനായി. മൊറോക്കോയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ക്രിസ്റ്റ്യാനോ നേടിയ ഏക ഗോളിന്റെ ബലത്തില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.

രാത്രി 11.30ന് നടന്ന മത്സരത്തില്‍ ഇറാനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് സ്പാനിഷ് പടയും പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. 54ാം മിനുട്ടില്‍ ഡീഗോ കോസ്റ്റയുടെ വകയായിരുന്നു സ്‌പെയിനിന്റെ ഗോള്‍. പോര്‍ച്ചുഗലിനെതിരെ മിന്നും പ്രകടനം പുറത്തെടുത്ത സ്പാനിഷ് പട പക്ഷേ ഇന്നലെ ഇറാനു മുന്നില്‍ തട്ടിമുട്ടിയാണ് കടന്നു കൂടിയത്. കളിയില്‍ ആധിപത്യം നിലനിര്‍ത്തിയെങ്കിലും കിട്ടാവുന്ന അവസരങ്ങളിലെല്ലാം ഇറാന്‍ സ്പാനിഷ് മുഖത്ത് മിന്നലാക്രമണം നടത്തി. സ്‌പെയിനാവട്ടെ തുറന്ന ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു.

ഗ്രൂപ്പ് ബിയില്‍ ഇന്നലെ രണ്ടു മത്സരങ്ങളില്‍നിന്ന് ഒരു സമനിലയും ഒരു ജയവും വീതം നേടിയ പോര്‍ച്ചുഗലും സ്‌പെയിനും നാലു വീതം പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. രണ്ടു മത്സരങ്ങളില്‍നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി ഇറാന്‍ തൊട്ടു പിറകെയുണ്ട്.
ആര്‍ത്തലച്ചു വന്ന സ്പാനിഷ് പടയെ പിടിച്ചു നിര്‍ത്തിയ പറങ്കിപ്പട വന്‍ മാര്‍ജിനില്‍ ജയിക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നതെങ്കിലും കളത്തില്‍ കാണാനായത് മൊറോക്കോയുടെ ചടുല നീക്കങ്ങളായിരുന്നു. നേരത്തെ ഇറാനോടും ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങിയ മൊറോക്കോ രണ്ടു തോല്‍വികളോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
മത്സരം ചൂടുപിടിക്കും മുമ്പേ നാലാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. ഇതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന യൂറോപ്യന്‍ താരമെന്ന ഖ്യാതിയും ക്രിസ്റ്റ്യാനോക്ക് സ്വന്തമായി. തന്റെ ഗോള്‍സമ്പാദ്യം 85 ആക്കിയ ക്രിസ്റ്റ്യാനോ ഫ്രാങ്ക് പുഷ്‌കാസിന്റെ റെക്കേഡാണ് മറികടന്നത്. റഷ്യന്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോയുടെ നാലാം ഗോള്‍ വേട്ടയാണിത്.

chandrika: