X

സ്‌പെയിന്‍-മൊറോക്കോ ഇന്ന് മുഖാമുഖം

ദോഹ: ഖത്തറില്‍ നിറയെ ഇപ്പോള്‍ മൊറോക്കോ ദേശീയ പതാകകളാണ്. മൊറോക്കോയിലെന്ന പോലെ കാറുകള്‍ മൊറോക്കോ ദേശീയ പതാകകള്‍ പുതപ്പിച്ച് ഹോണുകള്‍ മുഴക്കി പറക്കുന്നു. ഇന്ന് രാത്രി എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന സ്‌പെയിനിനെതിരായ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സര ടിക്കറ്റ് ബ്ലാക്കില്‍ 5000 റിയാലിന് വരെ വില്‍ക്കുന്നു. ബ്രസീല്‍, അര്‍ജന്റീന മല്‍സരങ്ങള്‍ക്കുള്ള അതേ ഡിമാന്‍ഡ്.. ഇന്ന് കാളപ്പോരിന്റെ നാട്ടുകാരെ വീഴ്ത്തുമോ ആഫ്രിക്കന്‍ അട്ടിമറിക്കാര്‍.

കരുത്തരായ, ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തെ രണ്ട് ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചവരാണ് മൊറോക്കോ. കെവിന്‍ ഡി ബ്രുയനും സംഘവും കളിച്ച ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാര്‍. ക്രൊയേഷ്യയെ പിടിച്ചുകെട്ടിയവര്‍. ഗംഭീര ഫുട്‌ബോളാണ് ടീമിന്റെ വാഗ്ദാനം. അതിവേഗതയുണ്ട്, ആക്രമണ വീര്യമുണ്ട്, അനുഭവസമ്പതുണ്ട്. പക്ഷേ ഇല്ലാത്തത് ഒന്നാണ് വലിയ വേദിയിലെ സമര്‍ദ്ദ നിയന്ത്രണം. ഖത്തറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സെനഗലും,പോളണ്ടുമെല്ലാം പോരാടാന്‍ മറന്നത് വലിയ വേദിയിലെ ഉള്‍ഭയത്തിലായിരുന്നു. അതേ പ്രശ്‌നം മൊറോക്കോക്കും സംഭവിക്കാം.

സ്‌പെയിന്‍ ഇക്കാര്യത്തിലാണ് വമ്പന്മാര്‍. കളിക്കാരെല്ലാം വലിയവേദിയെ പരിചയമുള്ളവര്‍. ആദ്യ മല്‍സരത്തില്‍ ഗോള്‍ വേട്ട നടത്തി വന്നവര്‍ ജപ്പാന് മുന്നിലായിരുന്നു തകര്‍ന്നത്. അത് ടീമിന് ഉണര്‍വായിട്ടുണ്ടെങ്കില്‍ ബുസ്‌കെറ്റ്‌സിന്റെ സംഘം കരുത്തരാവും. കൊച്ചു പാസുകളിലുടെ വല നെയ്ത് പ്രതിയോഗികളെ വിറപ്പിക്കുന്ന ടികിടാക ശൈലിക്കാര്‍. അപകടകാരികളായ മുന്‍നിരക്കാര്‍ പെഡ്രി, അസന്‍സിയോ, ഫാത്തി തുടങ്ങിയവര്‍. പ്രതിരോധമാണ് പ്രശ്‌നം. അതാണ് ജപ്പാന്‍ തുറന്ന് കാട്ടിയത്. ആ വഴി കയറണം. കളി രാത്രി 8.30 മുതല്‍. ഇരു ടീമുകളും തമ്മില്‍ മൂന്ന് തവണ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും ജയം സ്‌പെയിനിനൊപ്പമായിരുന്നു. 1961 ലോകകപ്പില്‍ 1-0നും, 3-2നും സ്‌പെയിന്‍ വിജയിച്ചപ്പോള്‍ 2018 ലോകകപ്പില്‍ 2-2ന് സ്‌പെയിനിനെ മൊറോക്കോ തളച്ചിരുന്നു.

Test User: