ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി സ്‌പേസ് എക്‌സ്. പൊളാരിസ് ഡോണ്‍ ദൗത്യം പൂര്‍ത്തീകരിച്ച് യാത്രികര്‍ സുരക്ഷിതമായി ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തി. അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യത്തെ ബഹിരാകാശ രംഗത്തെ വലിയ കുതിച്ചുചാട്ടം എന്ന് പ്രശംസിച്ച് നാസ. അമേരിക്കന്‍ വ്യവസായി ജാരെഡ് ഐസാക്മാന്‍, സ്‌പെയിസ്എക്‌സ്എഞ്ചിനീയര്‍മാരായ അന്നാ മേനോന്‍, സാറാ ഗിലിസ്, വിരമിച്ച എയര്‍ഫോഴ്‌സ് പൈലറ്റായ സ്‌കോട്ട് പോറ്റീറ്റ് എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തവര്‍.
അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യന്‍ കടന്നുചെല്ലുന്ന ബഹിരാകാശത്തെ ഏറ്റവും കൂടിയ ദൂരമാണിത്. ഭൂമിയില്‍ നിന്നു പുറപ്പെട്ട ഡ്രാഗണ്‍ ക്രൂ പേടകം ബഹിരാകാശത്ത് 1400 കിലോമീറ്റര്‍ ഉയരത്തിലെത്തിയശേഷമാണ് 700 കിലോമീറ്ററിലേക്ക് താഴ്ന്ന് നിലയുറപ്പിച്ചത്. ജാരെഡ് ഐസാക്മാനാണ് ആദ്യം പേടകത്തില്‍നിന്ന് പുറത്തിറങ്ങിയത്. പിന്നീട് സാറാ ഗില്ലിസ് ബഹിരാകാശ നടത്തത്തിനായി പുറത്തിറങ്ങി.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയിസ് സെന്ററില്‍നിന്നാണ് സെപ്റ്റംബര്‍ 10 ചൊവ്വാഴ്ച പൊളാരിസ് പേടകം കുതിച്ചത്. വ്യാഴാഴ്ചയാണ് ദൗത്യസംഘം ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ നിന്ന് പുറത്തിറങ്ങിയത്. പൊളാരിസ് പ്രോഗ്രാമില്‍ തീരുമാനിച്ച മൂന്ന് വിക്ഷേപണ ദൗത്യങ്ങളില്‍ ആദ്യത്തേതാണിത്.