ഹബീബ്‌റഹ്മാന്‍ കൊടുവള്ളി
ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ നിര്‍മിച്ച ആദ്യ റോക്കറ്റ് വിക്രം എസ്, മൂന്ന് ചെറു ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍നിന്ന് ഇയ്യിടെ വിക്ഷേപിക്കപ്പെട്ട വാര്‍ത്ത ഒരേസമയം ആശയും ആശങ്കയും നല്‍കുന്നതാണ്. ഇന്ത്യയുടെ പുരോഗതിയില്‍ അതിനിര്‍ണായകമായേക്കാവുന്ന ഈ വിക്ഷേപണം അത്രതന്നെ കുത്തകവത്കരണത്തിനും സാധ്യതയുള്ളതാണ്. കാരണം കരയും കടലും വായുവുമൊക്കെ പങ്കിട്ടെടുക്കുന്ന തിരക്കിലാണല്ലോ കോര്‍പറേറ്റുകളും സാമ്രാജ്യത്വ ശക്തികളും. ഹൈദരാബാദ് ആസ്ഥാനമായി 2018 ല്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പായ സ്‌കൈ റൂട്ട് എയ്‌റോ സ്‌പേസില്‍ നിന്നാണ് വിക്രം എസ് റോക്കറ്റ് നിര്‍മിച്ചത്. ഐ.എസ്.ആര്‍.ഒയുടെ ശാസ്ത്രജ്ഞരായിരുന്ന പവന്‍കുമാര്‍ ചന്ദനയും നാഗ ഭാരത് ഡാക്കയും അവിടുന്ന് രാജിവെച്ച് തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയും ഒരെണ്ണം വിദേശ കമ്പനിക്ക് വേണ്ടിയുമാണ്.
രാജ്യത്തിന്റെ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കാനുള്ള തീരുമാനമുണ്ടായ ശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നു ശ്രീഹരിക്കോട്ടയില്‍നിന്നുള്ള റോക്കറ്റ് വിക്രം എസിന്റേത്. ചെന്നൈ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രാപ്രദേശ് ആസ്ഥാനമായ എന്‍സ്‌പേസ്‌ടെക്, അര്‍മേനിയന്‍ ബസുംക്യു സ്‌പേസ് റിസേര്‍ച് ലാബ് എന്നിവയുടേതായിരുന്നു റോക്കെറ്റിലെ ഉപഗ്രഹങ്ങള്‍. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ബഹിരാകാശ രംഗത്ത് വന്‍ മുന്നേറ്റം നടത്താനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നും ദൗത്യം വിജയകരമായിരുന്നെന്നും ഇതൊരു ചരിത്ര നിമിഷമാണെന്നുമാണ് ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്റ്് ഓഥറൈസേഷന്‍ സെന്റര്‍ ചെയര്‍മാന്‍ പവന്‍ ഗോയങ്ക പറഞ്ഞത്. ‘പ്രാരംഭ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വിക്ഷേപണ ദൗത്യം കുറഞ്ഞ ചെലവില്‍ സാറ്റലൈറ്റ് സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഏത് വിക്ഷേപണ സൈറ്റില്‍നിന്നും 24 മണിക്കൂറിനുള്ളില്‍ റോക്കറ്റുകള്‍ കൂട്ടിച്ചേര്‍ക്കാനും വിക്ഷേപിക്കാനും കഴിയുമെന്നും സ്‌കൈറൂട്ട് എയ്‌റോ സ്‌പേസും അവകാശപ്പെടുന്നുണ്ട്. അമേരിക്കന്‍ ബഹിരാകാശ യാത്രാക്കമ്പനിയായ സ്‌പേസ് എക്‌സ്, ഫാല്‍ക്കണ്‍ 1 എന്ന ഉപഗ്രഹം 2008 സെപ്തംബറില്‍ വിക്ഷേപിച്ചതോടെയാണ് ബഹിരാകാശത്ത് ആദ്യമായി സ്വകര്യ പേടകം കറങ്ങാന്‍ തുടങ്ങുന്നത്. അതുവരെ സര്‍ക്കാരുകളുടെ ഔദ്യോഗിക ഏജന്‍സികള്‍ക്ക് മാത്രമേ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. നാസയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രാപദ്ധതിയുടെ ഭാഗമായാണു സ്‌പേസ് എക്‌സിന്റെ സംരംഭം. രാജ്യാന്തര ബഹിരാകാശ കേന്ദ്ര (ഐ.എസ്.എസ്) ത്തിന്റെ ഭ്രമണപഥത്തിനപ്പുറത്തേക്കു സ്വകാര്യ മൂലധനം ഉപയോഗിച്ചുള്ള ആദ്യ യാത്രക്ക് സമ്പന്നരായ രണ്ട് സഞ്ചാരികളാണ് പണം അടച്ചിരുന്നത്. ഈ സ്വകാര്യ ദൗത്യമിപ്പോള്‍ ഫാല്‍ക്കണ്‍ 9 ല്‍ എത്തി നില്‍ക്കുന്നു.
ദശലക്ഷക്കണക്കിന് വീടുകളിലേക്ക് ഭ്രമണപഥത്തില്‍നിന്ന് വയര്‍ലെസ്സ് വഴി വൈദ്യുതിയും മറ്റിതര ഊര്‍ജ്ജവും എത്തിക്കാന്‍ കഴിയുമോ എന്ന ബഹിരാകാശ ഗവേഷണത്തിലാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. വലിയ സോളാര്‍ ഫാമുകള്‍ ബഹിരാകാശത്ത് ഭീമന്‍ ഉപഗ്രഹങ്ങളായി സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് നിലവിലുള്ള ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനും പുനരുപയോഗ ഊര്‍ജ്ജ ഉത്പാദന സംവിധാനം വികസിപ്പിക്കുന്നതിനും ‘സോളാരിസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പഠനം പൂര്‍ത്തിയായാല്‍ കഴിയുമെന്ന്തന്നെ അവര്‍ വിശ്വസിക്കുന്നു. രാത്രിയോ മേഘങ്ങളോ ഇല്ലാത്തതിനാല്‍ സൗരോര്‍ജം ബഹിരാകാശത്ത് നിന്ന് കൂടുതല്‍ കാര്യക്ഷമമായി ശേഖരിക്കാനാകുമെന്നും ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സൗരോര്‍ജ്ജം എന്ന ആശയം ഇനി ഫിക്ഷന്‍ അല്ലെന്നുമാണ് സോളാരിസ് സംരംഭത്തിന് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞന്‍ ഡോ. സഞ്ജയ് വിജേന്ദ്രന്‍ ഉറപ്പിച്ച് പറയുന്നത്.
ലോക കോടീശ്വരനായ ഇലോണ്‍ മാസ്‌കിന്റെ ബഹിരാകാശ കമ്പനിയാണ് സ്‌പേസ് എക്‌സ്. ആമസോണ്‍ മേധാവി ജെഫ് ബെസോസിനും സ്വന്തമായി ബഹിരാകാശ കമ്പനിയുണ്ട്. വന്‍ മുതല്‍മുടക്കും പണവും ആവശ്യമുള്ള ഈ പദ്ധതികളൊക്കെയും തയാറാക്കാനും വികസിപ്പിക്കാനും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണെന്ന് പറയേണ്ടതില്ലല്ലോ. കുത്തകകള്‍ ബഹിരാകാശവും കയ്യടക്കുന്നതോടെ വായുവും സൂര്യപ്രകാശവും സൗരോര്‍ജ്ജവുമൊക്കെ സാധാരണക്കാര്‍ക്ക് പണം കൊടുത്തു വാങ്ങേണ്ടി വരികയോ കിട്ടാക്കനിയാവുകയോ ചെയ്‌തേക്കാം.