X

ബി.എസ്.പിയില്‍ നിന്നെത്തിയ എസ്.പി മൗര്യ ബി.ജെ.പി വിടുന്നു

ലക്‌നോ: മാസങ്ങള്‍ക്ക് മുമ്പ് മായാവതിയുടെ ബി.എസ്.പിയില്‍ നിന്ന് ചുവട് മാറി ബി.ജെ.പിയിലെത്തിയ സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിടാനൊരുങ്ങുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്റെ അനുയായികളെ തഴയുന്നുവെന്ന് വ്യക്തമാക്കിയാണ്‌ മൗര്യ ബി.ജെ.പി വിടാനൊരുങ്ങുന്നത്. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്.പിയിലേക്കാണ് മൗര്യയുടെ നോട്ടം. സംസ്ഥാനത്തെ വിവിധ പിന്നോക്ക വിഭാഗങ്ങളില്‍ സ്വാധീനമുള്ള വ്യക്തിയാണ് മൗര്യ. ഈയൊരു വോട്ട് ബാങ്ക് മുന്നില്‍ കണ്ടാണ് മൗര്യയെ ബി.ജെ.പി ചാക്കിട്ട് പിടിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന അഖിലേഷിനെ പുകഴ്ത്തിയാണ് മൗര്യ സംസാരിച്ചത്. ഊര്‍ജസ്വലനും നേതൃഗുണവുമുള്ള വ്യക്തിയാണ് അഖിലേഷെന്നും അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നതായും  മൗര്യ പറഞ്ഞു. ബി.ജെ.പിയുമായുള്ള പ്രശ്‌നങ്ങളും അദ്ദേഹം തുറന്നു സമ്മതിച്ചു. തന്നോടൊപ്പം ബി.എസ്.പി വിട്ടവര്‍ക്ക് ടിക്കറ്റ് ഒപ്പിക്കാന്‍ പാടുപെടുകയാണെന്നും 35 സീറ്റെങ്കിലും വേണമെന്നാണ് ആവശ്യമെന്നും മൗര്യ വ്യക്തമാക്കി.
എന്നാല്‍ അഞ്ചില്‍ കൂടുതല്‍ സീറ്റ് വിട്ട് നല്‍കാനാവില്ലെന്നാണ് ബി.ജെ.പി നിലപാട്.

ജാതി രാഷ്ട്രീയം നിര്‍ണായകമാകുന്ന യു.പിയില്‍ മൗര്യയുടെ പിണക്കം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം മൗര്യയെ പിടിക്കാന്‍ വിവിധ പാര്‍ട്ടികളും രംഗത്തുണ്ട്. ബി.എസ്.പിയിലേക്ക് തന്നെ തിരിച്ചുപോവുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. എന്നാല്‍ അഖിലേഷിന്റെ നേതൃത്വത്തില്‍ എസ്.പി ഒരു പിടി മുന്നില്‍ നില്‍ക്കുമ്പോള്‍ മൗര്യ മറ്റൊന്നും ചിന്തിക്കാനിടയില്ല. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ്. മാര്‍ച്ച് പതിനൊന്നിനാണ് ഫലപ്രഖ്യാപനം.

chandrika: