തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാനുള്ള സി.പി.എം നീക്കത്തിന് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പൊലീസ് മുഖ്യമന്ത്രിക്ക് എതിരാണോ എന്ന് സംശയമുണ്ട്. സി.പി.എമ്മിന്റെ ദാസന്‍മാരാണെന്ന് പൊലീസ് തെളിയിക്കുമ്പോള്‍ തകരുന്നത് മുഖ്യമന്ത്രിയുടെ പേരാണ്. പൊലീസിന് ശമ്പളം നല്‍കുന്നത് സി.പി.എമ്മല്ല, സര്‍ക്കാറാണെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടാകണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫിന്റെ സമുന്നതനേതാക്കള്‍ പങ്കെടുത്ത പൊതുസമ്മേളനത്തിന് നേരെയാണ് പൊലീസ് കണ്ണീര്‍വാതക ഷെല്‍ പൊട്ടിച്ചത്. എസ്.പി എന്നാല്‍ സഖാവ് പൊലീസ് എന്നല്ല സൂപ്രണ്ട് ഓഫ് പൊലീസ് എന്നാണെന്ന് മലപ്പുറം എസ്.പി മനസിലാക്കണം. പൊലീസുകാരുടെ മുന്നിലാണ് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെ ഇടതുസംഘടനകള്‍ പുലഭ്യം പറഞ്ഞത്. ഹര്‍ത്താല്‍ ദിനം ലീഗുകാരെ ആക്രമിച്ച പൊലീസുകാര്‍ ഉച്ചഭക്ഷണത്തിന് ശേഷം മയങ്ങിയത് അങ്ങാടിപ്പുറം സി.പി.എം ഓഫീസിലാണ്. മുഖ്യമന്ത്രി പൊലീസ് അതിക്രമത്തെയും എസ്.എഫ്.ഐയുടെ പാര്‍ട്ടി ഓഫീസ് ആക്രമണത്തേയും ന്യായീകരിക്കുകയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നിഷ്പക്ഷതയില്‍ തങ്ങള്‍ക്ക് സംശയമുണ്ട്. പെരിന്തല്‍മണ്ണ പ്രശ്‌നം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസ് ആകമിച്ചവരെ പിടികൂടണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ ഒരു നടപടിയും ഉണ്ടാകാത്തതില്‍ വിഷമമുണ്ടെന്നും മുനീര്‍ പറഞ്ഞു.
കേരളത്തില്‍ ക്രമസമാധാനപാലനം നടക്കണം എന്ന ആത്മാര്‍ഥമായി ആഗ്രഹിക്കേണ്ടത് ആഭ്യന്തരവകുപ്പും അതിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുമാണ്. തന്റെ കീഴിലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തേയും മറ്റു സംഘടനകളേയും അക്കാര്യം ബോധ്യപ്പെടുത്തി സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കണം. സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഏത് നീക്കത്തോടും ലീഗ് സഹകരിക്കുമെന്നും മുനീര്‍ പറഞ്ഞു. മുസ്‌ലിംലീഗ് മാര്‍ച്ചിന് നേരെ കല്ലെറിയാന്‍ തയാറായി നില്‍ക്കുന്ന പൊലീസുകാരന്റെ ചിത്രമടങ്ങിയ ദിനപത്രവും മുനീര്‍ മുഖ്യമന്ത്രിക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചു.