X

കെ.എം ബഷീറിന്റെ മരണം: മൊബൈല്‍ കണ്ടെടുത്താല്‍ കഥമാറും; ദുരൂഹതയെന്ന് റിട്ട എസ്.പി ജോര്‍ജ്ജ് ജോസഫ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് റിട്ട എസ്.പി ജോര്‍ജ്ജ് ജോസഫ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൊബൈല്‍ഫോണ്‍ കണ്ടെടുത്താല്‍ കഥമാറുമെന്നും എസ്പി പറഞ്ഞത്.

സംഭവത്തെ കുറിച്ച് വഫ വിവരിച്ചപ്പോഴും വെങ്കിട്ടരാമന്റെ സ്‌റ്റേറ്റ്‌മെന്റ് വന്നപ്പോഴും പൊലീസ് വിവരിച്ചപ്പോഴും തുടക്കം മുതല്‍ രണ്ട് കാര്യങ്ങളില്‍ സംശയം തോന്നിയെന്നും ജോര്‍ജ്ജ് ജോസഫ് പറയുന്നു.

ഒന്ന് വഫയെ വിളിച്ച് കാറില്‍ കയറിയപ്പോള്‍ കഫേ കോഫി ഡെയുടെ അവിടെ വന്നപ്പോള്‍ പെട്ടെന്ന് വെങ്കിട്ടറാമന്‍ അവളെ സീറ്റില്‍ നിന്ന് മാറ്റിയിരുത്തിയിട്ട് പുറകില്‍ കൂടി വന്ന് കയറി പിന്നെ വണ്ടി അതിഗംഭീരമായൊരു സ്പീഡില്‍ പോകുകയാണ് എന്നാണ് പറഞ്ഞത്.
എന്തിനാണ് പെട്ടെന്ന് അങ്ങനെ മാറിക്കയറിയത് എന്ന് തനിക്ക് സംശയം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളയമ്പലത്ത് നിന്ന് ഏകദേശം 140 കിലോമീറ്റര്‍ സ്പീഡില്‍ പോയെന്ന് മോട്ടോര്‍ വെഹിക്കിള്‍സ് ഡിപാര്‍മെന്റ് പറയുന്നുണ്ട്. കവടിയാര്‍ മുതല്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷന്റെ അടുത്ത് വരെ 11 സിസി ടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും അതൊന്നും പൊലീസിന് കിട്ടിയില്ല എന്നുള്ളത് മറ്റൊരു കാര്യം. അതെല്ലാം പൊലീസിന്റെ ഒരു പരാജയമായിട്ട് തന്നെയാണ് താന്‍ കാണുന്നത്. അപകടം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഈ വാഹനത്തിന്റെ വലതുവശത്താണ് ഏറ്റവും കൂടുതല്‍ ഡാമേജ് വന്നിരിക്കുന്നത്.

വെള്ളയമ്പലത്ത് നിന്ന് ഈ വാഹനം ഓടിച്ചുവരുന്നത് കണ്ട രണ്ട് ഓട്ടോറിക്ഷക്കാര്‍ അവര്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒതുക്കിയെന്നും പബ്ലിക് ഓഫീസിന് മുന്നില്‍ ഈ കാര്‍ വന്നപ്പോള്‍ അവിടെ ഒതുക്കി നിര്‍ത്തിയിരിക്കുന്ന ബഷീറിനെ ഇടിക്കുന്നുവെന്നാണ് പറഞ്ഞത്. റീകണ്‍സ്ട്രക്ഷന്‍ തിയറി വെച്ച് നോക്കുമ്പോള്‍ ഈ വാഹനത്തിന്റെ ഇടത് വശവും അവിടെ നിന്ന മരത്തിന്റെ സൈഡിലൂടെ ഉരഞ്ഞേ പോയിട്ടുള്ളൂ. ഇടിച്ചല്ല പോയിരിക്കുന്നത്. അതിന് ശേഷം 15 മീറ്റര്‍ മുന്നില്‍ നില്‍ക്കുന്ന ഇരുമ്പ് തൂണ്‍ അത് വാഹനത്തിന്റെ നടുക്ക് ഇടിച്ചിട്ട് അത് തെറിച്ചുപോയിരിക്കുകയാണ്. അത്രയും വലിയ ഇടിയാണ്. അതിന് ശേഷം വണ്ടി ഇടിച്ച് നില്‍ക്കുന്നത് അടുത്ത മരത്തിന്റെ മേലെയാണ്.

എങ്ങനെയാണ് ഇങ്ങനെയൊരു അപകട സീന്‍ വന്നതെന്ന് താന്‍ ആലോചിച്ചു. കാരണം വഫയുടെ സ്‌റ്റേറ്റ്‌മെന്റ് പ്രകാരം വണ്ടി ഇടതുവശത്തേക്ക് ഭയങ്കരമായി വെട്ടിച്ചാണ് വണ്ടി ഇടിച്ച് നിന്നതെന്ന് പറയുന്നുണ്ട്. ബ്രേക്ക് അപ്ലൈ ചെയ്തിട്ട് കിട്ടിയില്ല എന്നും പറയുന്നു. അത് സംശയാസ്പദമായ ഒരു മൊഴിയാണ്. മദ്യപാനവുമായി ബന്ധപ്പെട്ട് പറഞ്ഞ മൊഴിയും മനപൂര്‍വം കാല്‍ക്കുലേറ്റ് ചെയ്ത് പറഞ്ഞതാണ്. വേറൊരു മണം എന്ന് പറയുന്നുണ്ടെങ്കില്‍ അത് കഞ്ചാവോ ഡ്രഗോ ആണെന്ന് തന്നെ കരുതുകയാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം വെള്ളയമ്പലം മുതല്‍ ശാസ്തമംഗലം വരെ എവിടെയോ ആണ് സിറാജിന്റെ ഓഫീസ് എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. പാളയം ജൂബിലി ഹോസ്പിറ്റലിന്റെ മുന്‍പിലാണ് സിറാജിന്റെ ഓഫീസ് എന്ന് അന്വേഷിച്ച പലരും പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ മനസിലായത് രണ്ട് മാസമായി കവടിയാര്‍ ജങ്ഷനില്‍ ആണ് സിറാജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് എന്നാണ്.

ബഷീര്‍ കൊല്ലത്ത് പോയി മടങ്ങിവരുന്ന വഴി രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ബൈക്ക് എടുത്തുകൊണ്ട് നേരെ ഓഫീസിലേക്ക് പോയി. അദ്ദേഹം കവടിയാറില്‍ അര മണിക്കൂറോളം നേരം നിന്നു. അവിടെ നിന്നാല്‍ ജങ്ഷനും ഈ സ്ഥലങ്ങളും കാണാം.

കവടിയാറിലെ വിവേകാനന്ദന്റെ പ്രതിമക്ക് മുന്‍പില്‍ നിന്നാണ് വെങ്കിട്ടറാമനെ കാറില്‍ കയറ്റിയതെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ബഷീര്‍ അത് കണ്ടിരിക്കും. കണ്ടിട്ടുണ്ടെങ്കില്‍ അദ്ദേഹം ഒന്നുകില്‍ ഫോട്ടോ എടുക്കും. അല്ലെങ്കില്‍ വണ്ടിയുടെ നമ്പര്‍ നോട്ട് ചെയ്യും. തീര്‍ച്ചയായും അത് ഉണ്ടായിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇദ്ദേഹം അത് എടുത്ത ശേഷം മുന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അത് ചെയ്‌സ് ചെയ്തതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ ചെയ്‌സ് ചെയ്തതാണെന്നതിന് തെളിവ് കിട്ടണമെങ്കില്‍ ആ മൊബൈല്‍ ഫോണ്‍ കിട്ടണം. അതിനകത്ത് എന്തെങ്കിലും ഫോട്ടോ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തണം. എന്നാല്‍ അപകട സ്ഥലത്ത് നിന്ന് ആ ഫോണ്‍ നഷ്ടമായിരിക്കുന്നു.

ബഷീറിന്റെ സ്മാര്‍ട്‌ഫോണ്‍ ഇന്ന് വരെ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പക്ഷേ വീണ്ടും അന്വേഷിച്ചപ്പോള്‍ മനസിലായത്. അപകടം നടന്ന ശേഷം ഒരു പൊലീസുകാരന്‍ 1 :56 ന് ഈ നമ്പറിലേക്ക് വിളിച്ചുവെന്നും ഫോണ്‍ എടുത്ത് നോക്കിയ ശേഷം ഡിസ്‌കണക്ട് ചെയ്തുവെന്നാണ്. അതിന് ശേഷം ഇതുവരെ ആ ഫോണ്‍ സ്യുച്ഡ് ഓണ്‍ ആയിട്ടില്ല. വളരെ ദുരൂഹമായ ഒരു എവിഡന്‍സ് നശിപ്പിക്കുവാനുള്ള ഒരു ശ്രമമാണ് അതില്‍ കണ്ടത്. ഫോണ്‍ കണ്ടെടുത്താല്‍ ആ മൊബൈല്‍ ഫോണ്‍ സംസാരിക്കും. കഥ മാറും. ഇല്ലെങ്കില്‍ തന്നെ വഫ വെങ്കിട്ടരാമനെ കയറ്റിയെന്ന് പറയുന്ന കവടിയാര്‍ പാലസിന്റെ മുന്‍വശത്ത് തന്നെ കൊല്ലപ്പെട്ട കെ.എം ബഷീര്‍ ഉണ്ടെന്നാണ് ഇതിന്റെ ചരിത്രമെന്നും ജോര്‍ജ് ജോസഫ് പറയുന്നു.

chandrika: