ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടി ആസ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൂറ്റന്‍ കട്ടൗട്ട് അപ്രത്യക്ഷമായി. സംസ്ഥാനത്ത് ബിജെപി അനുകൂല തരംഗം അലയടിക്കുന്നതിനിടെയാണ് എസ്പി ആസ്ഥാനത്തു നിന്ന് രാഹുലിന്റെ കട്ടൗട്ട് നീക്കം ചെയ്തത്.
പകരം മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പിതാവുമായ മുലായം സിങ് യാദവിന്റെ കട്ടൗട്ട് സ്ഥാപിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉയര്‍ന്നു കേട്ട എസ്പി-കോണ്‍ഗ്രസ് മുദ്രാവാക്യവും ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന ധാരണയിലാണ് എസ്പി സഖ്യത്തിനൊരുങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുന്നത് എതിര്‍ത്തതിനാല്‍ മുലായം സിങ് യാദവുമായി അഖിലേഷ് അകന്നിരുന്നു. പിന്നീട് പാര്‍ട്ടി ഇടപ്പെട്ട് അഖിലേഷിന്റെ തീരുമാനത്തെ അനുകൂലിച്ച് കോണ്‍ഗ്രസുമായി സഖ്യം ചേരുകയായിരുന്നു.
എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചാരണത്തിന് യുപിയിലെ നിരവധി ഇടങ്ങളില്‍ രാഹുലും അഖിലേഷും ഒന്നിച്ച് വേദി പങ്കിടുകയും ചെയ്തിരുന്നു. എന്നാല്‍, എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ ശരിവെക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
ബിജെപിക്ക് 308 സീറ്റുകളില്‍ മുന്നേറ്റം കാഴ്ചവെക്കാനായി. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനാവട്ടെ 70 സീറ്റുകളിലാണ് മേല്‍കൈ നേടാനായത്. മായാവതിയുടെ ബിഎസ്പിക്ക് 18 സീറ്റുകളും മറ്റുള്ളവര്‍ക്ക് ഏഴു സീറ്റുകളും ലഭിച്ചു.
Also read: