ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്ന് അഭിപ്രായ സര്‍വ്വേ. ബി.ജെ.പിക്ക് നിലവിലുള്ള സീറ്റുകളില്‍ പകുതി സീറ്റുകള്‍ പോലും ലഭിക്കില്ലെന്നാണ് സര്‍വ്വേ ഫലം. ഇന്ത്യ ടി.വിയും സി.എന്‍.എക്‌സും ചേര്‍ന്ന് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാവുമെന്ന് പറയുന്നത്.
2014-ല്‍ യു.പിയില്‍ നിന്ന് 80ല്‍ 73 സീറ്റുകളും എന്‍.ഡി.എക്ക് ലഭിച്ചപ്പോള്‍ എസ്.പിക്ക് ലഭിച്ചത് 5 സീറ്റുകളായിരുന്നു. ബി.എസ്.പിക്ക് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ മഹാസഖ്യം സാധ്യമായതിനാല്‍ ബി.ജെ.പിക്ക് 44 സീറ്റുകള്‍ നഷ്ടപ്പെടുമെന്നും 29 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നുമാണ് ഇന്ത്യ ടി.വിയും സി.എന്‍.എക്‌സും ചേര്‍ന്ന് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിന് 49 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു.
കോണ്‍ഗ്രസിനെ ഒഴിവാക്കി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ എസ്പി-ബിഎസ്പി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ ടിവി അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. മായാവതിയും അഖിലേഷും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും കൈകോര്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.