ലക്‌നോ/ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചുനിന്ന് മത്സരിക്കാന്‍ സമാജ്്‌വാദി പാര്‍ട്ടി – ബഹുജന്‍ സമാജ്്‌വാദി പാര്‍ട്ടി ധാരണ. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരായ മഹാസഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇരു കക്ഷികളും കൈകോര്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മഹാസഖ്യ രൂപീകരണം സംബന്ധിച്ച് എസ്.പി – ബി.എസ്.പി നേതൃതലത്തില്‍ ധാരണയായെന്നും ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനത്തോടെയുണ്ടാകുമെന്നും എസ്.പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.
സഖ്യ നീക്കത്തിന് എസ്.പി ദേശീയ പ്രസിഡണ്ട് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും തത്വത്തില്‍ അംഗീകാരം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. ഇരു നേതാക്കളും വെള്ളിയാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതായും ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിതയാതും ചൗധരി വ്യക്തമാക്കി.
ബി.ജെ.പിക്കെതിരെ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി അഖിലേഷും മായാവതിയും തമ്മില്‍ നേരത്തെ പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ ഡല്‍ഹിയില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. ചെറു കക്ഷികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും തുടര്‍ ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. പശ്ചിമ യു.പിയില്‍ ആര്‍.എല്‍.ഡിക്ക് സ്വാധീനമുള്ള മേഖലകളില്‍ അവരുമായി സഹകരിക്കുന്നതും ആലോചനയിലുണ്ട്. അതേസമയം കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചോദ്യത്തിന്, മായാവതിയും അഖിലേഷുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നായിരുന്നു ചൗധരിയുടെ മറുപടി. അതേസമയം കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും മഹാസഖ്യം മറ്റു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 80 ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലെ ജനവിധി ദേശീയ രാഷ്ട്രീയത്തിലും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലും നിര്‍ണായകമാണെന്നിരിക്കെയാണ് ബി.ജെ.പിക്കെതിരെ സംസ്ഥാനത്തെ രണ്ടു പ്രമുഖ കക്ഷികള്‍ കൈകോര്‍ക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 71 സീറ്റിലും (42.63 ശതമാനം വോട്ട്) ബി.ജെ.പിക്കായിരുന്നു വിജയം. ബി.ജെ.പിയിതര കക്ഷികള്‍ വേറിട്ടു മത്സരിച്ചത് എല്ലാ കക്ഷികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. അന്ന് യു.പിയില്‍ ഭരണ കക്ഷിയായിരുന്ന എസ്.പി കേവലം അഞ്ച് സീറ്റില്‍ ഒതുങ്ങിയപ്പോള്‍ മായാവതിയുടെ ബി.എസ്.പിക്ക് ഒരു സീറ്റു പോലും ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസിനാവട്ടെ രണ്ട് സീറ്റ് മാത്രമാണ് നേടാനായത്. ഇതോടെയാണ് ബി.ജെ.പിയെ ഒരുമിച്ചു നിന്ന് നേരിടുകയെന്ന നിര്‍ദേശത്തെ എല്ലാ കക്ഷികളും ഒരുപോലെ സ്വീകരിച്ചത്. തുടര്‍ന്ന് നടന്ന യു.പി തദ്ദേശ സഭാ, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ എസ്.പി, ബി.എസ്.പി സഖ്യത്തിന് വലിയ തോതില്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നു. യഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യവും രാജിവെച്ച ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എസ്.പി, ബി.എസ്.പി പിന്തുണയോടെ കോണ്‍ഗ്രസ് വന്‍ വിജയം നേടിയതും ഒരുമിച്ചുനിന്നാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കുക അസാധ്യമല്ലെന്ന തിരിച്ചറിവ് പ്രതിപക്ഷ കക്ഷികള്‍ക്ക് സമ്മാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിക്കെതിരെ മഹാസഖ്യ നീക്കം ശക്തിയാര്‍ജ്ജിച്ചത്.
- 6 years ago
chandrika