ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാവാതെ വന്നതോടെ രാഷ്ട്രീയ പണ്ഡിറ്റുകള്‍ എഴുതിത്തള്ളിയെങ്കിലും എസ്.പി-ബി.എസ്.പി മഹാസഖ്യം വഴി പിരിയില്ല. സഖ്യം മുന്നോട്ടു കൊണ്ടു പോകാന്‍ തന്നെയാണ് മായവതിയുടേയും അഖിലേഷ് യാദവിന്റെയും തീരുമാനം. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്ത് സഖ്യം നിലനിര്‍ത്താനാണ് ഇരു പാര്‍ട്ടി നേതാക്കളും ആലോചിക്കുന്നത്.
സംസ്ഥാനത്തെ യോഗി സര്‍ക്കാറില്‍ എം.എല്‍.എമാരായ 11 പേരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഇവര്‍ രാജിവെച്ചൊഴിയുന്ന 11 നിയമസഭാ മണ്ഡലങ്ങളിലേക്ക് ആറു മാസത്തിനകം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് സഖ്യത്തിനു മുന്നിലുള്ള ആദ്യ കടമ്പ. ഞായറാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടും മുമ്പ് സഖ്യം തുടരുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് മായവതി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലമായിരിക്കും സഖ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണം സംബന്ധിച്ച തീരുമാനിക്കുകയെന്ന് മുതിര്‍ന്ന ബി.എസ്.പി നേതാവ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം പ്രതീക്ഷിച്ച നേട്ടം കൊയ്തില്ലെങ്കിലും സഖ്യം ഏറെ ഗുണം ചെയ്തത് മായാവതിയുടെ ബി.എസ്.പിക്കാണ്. 2014ല്‍ സംപൂജ്യരായ പാര്‍ട്ടി ഇത്തവണ 10 സീറ്റുകളിലാണ് വിജയിച്ചത്. അതേ സമയം എസ്.പിക്ക് സഖ്യം മൂലം ഏറെ പ്രയോജനം ലഭിച്ചതുമില്ല. അഖിലേഷ് യാദവിന്റെ ഭാര്യ ദിംപിള്‍ യാദവ്, അനന്തരവന്‍മാരായ ധര്‍മേന്ദ്ര യാദവ്, അക്ഷയ് ദാദവ് എന്നിവരെല്ലാം പരാജയപ്പെട്ടു. യോഗി സര്‍ക്കാറില്‍ മന്ത്രിമാരായ ചിലരും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ യു.പി മന്ത്രിസഭയിലും ഉടന്‍ അഴിച്ചു പണിയുണ്ടാകും.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ റീത ബഹുഗുണ ജോഷി അലഹാബാദില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ലക്‌നോ കാന്റില്‍ നിന്നുളള നിയമസഭാ അംഗത്വം അവര്‍ രാജിവെക്കും. ഗോവിന്ദ് നഗര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന് സത്യദേവ് പചൗരി കാണ്‍പൂരില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ നിയമസഭാ അഗത്വം രാജിവെക്കും. ആഗ്രയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എസ്.പി സിങ് ബഗേല്‍ തുണ്ട്‌ലയില്‍ നിന്നുള്ള എം.എല്‍.എയാണ്. ഇവര്‍ മൂന്ന് പേരും യോഗി സര്‍ക്കാറില്‍ മന്ത്രിമാരുമാണ്. പ്രതാപ്ഗഡ് എം.എല്‍.എ സംഗം ലാല്‍ ഗുപ്ത, സഹാറന്‍പൂര്‍ എം.എല്‍.എ പ്രതീപ് കുമാര്‍, ചിത്രകൂട് എം.എല്‍,എ ആര്‍.കെ സിങ് പട്ടേല്‍, ബാരാബംഗി എം.എല്‍.എ ഉപേന്ദ്ര റാവത്ത്, ബഹറായിച്ച് എം.എല്‍.എ അക്ഷയ് വാര്‍ ലാല്‍, അലീഗഡ് എം.എല്‍.എ രാജ് വീര്‍ സിങ്. എന്നിവരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍. ഇവര്‍ക്കു പുറമെ രാംപൂരില്‍ നിന്നുള്ള എം.എല്‍.എ അസം ഖാന്‍, ജബല്‍പൂരില്‍ നിന്നുള്ള ബി.എസ്.പി എം.എല്‍.എ റിതേഷ് പാണ്ഡേ എന്നിവരും നിയമസഭാ അംഗത്വം ഉടന്‍ രാജിവെക്കും.