X

ഉത്തര്‍ പ്രദേശില്‍ സഖ്യം യാഥാര്‍ത്ഥ്യമായാല്‍ 2019ല്‍ നരേന്ദ്രമോദി പുറത്താവും

ഫാസിസത്തിനെതിരെ ഉത്തര്‍പ്രദേശില്‍ സഖ്യം രൂപപ്പെട്ടാല്‍ 2019ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ലെന്ന് റിപ്പോര്‍ട്ട്. എ.ബി.പി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യം മോദിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്

അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ്.പിയും മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പിയും ചേര്‍ന്നുള്ള സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷത്തില്‍ എത്താനാവില്ലെന്നും എന്‍.ഡി.എ 247 സീറ്റിലൊതുങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ സംഖ്യം സാധ്യമായ ഈ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഈ സഖ്യം ബിജെപിക്കെതിരെ വമ്പന്‍ ജയം നേടിയിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയും സഖ്യത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം എസ്.പി-ബി.എസ്.പി സഖ്യം ഫലവത്തായില്ലെങ്കില്‍ 291 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്നും സര്‍വേയില്‍ പറയുന്നു.

യു.പിയിലെ 80 ലോക്സഭാ സീറ്റുകളില്‍ 71 ഇടത്തും ജയിച്ചാണ് എന്‍.ഡി.എ 2014 ല്‍ അധികാരത്തിലേറിയത്. എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് നിന്നാല്‍ 50 സീറ്റോളം ഇരുകക്ഷികളും നേടുമെന്നാണ് സര്‍വേ. എന്‍.ഡി.എ 28 സീറ്റിലൊതുങ്ങും. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 43 സീറ്റിന്റെ കുറവാണ് എന്‍.ഡി.എയ്ക്കുണ്ടാകുക.

അതേസമയം ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള സീറ്റ് ധാരണ അവസാനഘട്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്. കുറച്ച് സീറ്റുകളിലൊഴികെ മറ്റ് കാര്യങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്.

chandrika: