ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തന്നെ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് മകന്‍ ചരണ്‍ അറിയിച്ചു.
‘എന്റെ അച്ഛന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു കൊണ്ടുള്ള നിങ്ങളുടെ കരുതലിന് നന്ദി. അദ്ദേഹം ഐ സി യുവില്‍ വെന്റിലേഷനില്‍ ആണ്. സ്ഥിതി സ്‌റ്റേബിള്‍ ആണ്. കിംവദന്തികള്‍ വിശ്വസിക്കരുത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. ഒരിക്കല്‍ കൂടി നന്ദി,’ ചരണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
എസ് പി ബിയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സാവിത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചികിത്സാര്‍ത്ഥം അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് എസ് പി ബിയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.