X
    Categories: Views

സോവിയറ്റ് ദിനങ്ങള്‍ ജീവിതം മാറ്റിമറിച്ചു: എം.ജി.എസ്

കോഴിക്കോട്: സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് മുന്‍പ് അവിടെ അധ്യാപകനായി സേവനമനുഷ്ഠിച്ചത് ആ രാജ്യത്തെ കുറിച്ചുള്ള മുന്‍ധാരണകള്‍ മാറ്റിമറിക്കുന്നതായിരുന്നുവെന്ന് ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍ . നാല് മാസത്തെ യു.എസ്.എസ്.ആര്‍ ജീവിതത്തിന് ശേഷം ജീവനും കൊണ്ട് ഓടിപോരേണ്ട സ്ഥിതിയായിരുന്നു. വായിച്ചും കേട്ടും മനസിലാക്കിയ കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനല്ല കണ്ടറിഞ്ഞത്.അഭിപ്രായസ്വാതന്ത്ര്യമില്ലാതെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ അരാജകത്വമാണ് അവിടെ അരങ്ങേറിയിരുന്നതെന്ന് ‘ചന്ദ്രിക’ ആഴ്ചതിപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എം.ജി.എസ് പറഞ്ഞു.

രാജ്യങ്ങള്‍ തമ്മില്‍ നടന്നുവരുന്ന സാംസ്‌കാരികവിനിമയ പരിപാടികളുടെ ഭാഗമായി 1989ലാണ് സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്. യു.എസ്.എസ്.ആറില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിതുടങ്ങിയ കാലമായിരുന്നെങ്കിലും പ്രതീക്ഷയോടെയാണ് യാത്രതിരിച്ചത്. എന്നാല്‍ പലമുന്‍ധാരണകളേയും തെറ്റിക്കുന്നതായിരുന്നു ഭയാശങ്കയുടെ സോവിയറ്റ് ദിനങ്ങളെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. സോവിയറ്റ് കാലയളവില്‍ ഇന്‍ഡോ സോവിയറ്റ് ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ചെയര്‍മാന്‍ പ്രൊഫ. സെഗ്രീബ് സൗഹൃദം നടിച്ച് തന്നെ സമീപിച്ചു. കെ.ജി.ബി (സ്‌പൈവര്‍ക്ക്) യുടെ തലവനായിരുന്നു അദ്ദേഹം. അയാളുടെ അസിസ്റ്റന്റാണ് ട്രാവല്‍ഗൈഡായി തനിക്ക് ഒപ്പം ഉണ്ടായിരുന്നത്. നാല്മാസമായി യു.എസ്.എസ്.ആറില്‍ തന്റെ ഗൈഡായുണ്ടായിരുന്ന ഈ യുവതി സ്‌പൈ വര്‍ക്കറാണെന്ന് വളരെ വൈകിയാണ് തിരിച്ചറിഞ്ഞതെന്നും എം.ജി.എസ് വ്യക്തമാക്കി. ജീവന്‍ സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതോടെ ആ രാജ്യത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല. വിസിറ്റിങ് തീരാന്‍ മാസങ്ങള്‍ ബാക്കിയുണ്ടായിട്ടും ഇന്ത്യാ ഗവണ്‍മെന്റിനോട് തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ട് കത്തെഴുതുകയായിരുന്നുവെന്ന് എം.ജി.എസ് വ്യക്തമാക്കി.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യരീതിയിലുള്ള കമ്യൂണിസ്റ്റ് രീതിയായിരുന്നു സോവിയറ്റ് യൂണിയനിലുണ്ടായിരുന്നത്. ഒന്നിനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
സോവിയറ്റ് യൂണിയനിലുള്ളവരെല്ലാം ഭൗതീകവാദികളായി മാറിയെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. ക്രൈസ്തവ മതവിഭാഗത്തില്‍ വിശ്വസിക്കുന്നവരില്‍ ഭൂരിഭാഗം പേരും പള്ളിയില്‍ പോകാന്‍ താല്‍പര്യമുള്ളവരാണ്. എന്നാല്‍ നാല് ഞായറാഴ്ച തുടര്‍ച്ചയായി പള്ളിയില്‍ പോയി പ്രാര്‍ത്ഥന കൂടുകയോ സുവിശേഷ പ്രസംഗം കേള്‍ക്കുകയോ ചെയ്താല്‍ പിന്നീട് വരുന്നദിവസം ഭക്ഷണമില്ലാത്ത അവസ്ഥയാണ്. ഇത്തരത്തില്‍ ജനഹിതമനുസരിക്കാതെ ഏകാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് യു.എസ്.എസ്.ആറിന്റെ തകര്‍ച്ചക്ക് ആക്കംകൂട്ടിയതെന്നും എം.ജി.എസ് കൂട്ടിചേര്‍ത്തു.

chandrika: