നസോള്‍: അന്താരാഷ്ട്ര രോഷം നിലനില്‍ക്കുമ്പോഴും ഉത്തരകൊറിയ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നില്ല. പുതിയ ഇനം റോക്കറ്റ് എന്‍ജിനാണ് രാജ്യം ഇന്നലെ പരീക്ഷിച്ചത്. ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ വഴിത്തിരിവെന്നാണ് പരീക്ഷണത്തെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. സോഹേയിലെ വിക്ഷേപണ കേന്ദ്രത്തില്‍ വിക്ഷേപണം നേരിട്ട് വീക്ഷിക്കാന്‍ അദ്ദേഹം എത്തിയിരുന്നതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറയുന്നു.
രാജ്യത്തിന്റെ തദ്ദേശ നിര്‍മിത റോക്കറ്റ് വ്യവസായ മേഖലയിലെ മഹത്തായ ചരിത്രപ്രധാന സംഭവമാണ് ഇതെന്നും ഉന്‍ പറഞ്ഞു. ഉത്തരകൊറിയ കൈവരിച്ച ഈ നേട്ടത്തിന്റെ പ്രാധാന്യം എന്താണെന്ന് ലോകം വൈകാതെ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 18ലെ വിപ്ലവമെന്നാണ് റോക്കറ്റ് എന്‍ജിന്‍ പരീക്ഷണത്തിന് ഉന്‍ നല്‍കിയിരിക്കുന്ന മറ്റൊരു വിശേഷണം. ബഹിരാകാശ-ഉപഗ്രഹ ആവശ്യങ്ങള്‍ക്ക് പുതിയ റോക്കറ്റ് എന്‍ജിന്‍ ഉപയോഗിക്കുമെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു.
ബാലിസ്റ്റിക് മിസൈല്‍, ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് യു.എന്‍ വിലക്ക് നിലനില്‍ക്കെയാണ് ഉത്തരകൊറിയയുടെ പുതിയ നീക്കം. അന്താരാഷ്ട്ര സമൂഹത്തെ ധിക്കരിച്ച് മുന്നോട്ടുപോകുന്ന ഉത്തരകൊറിയ വരും ദിവസങ്ങളില്‍ കൂടുതല്‍ മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അനവധി ബഹിരാകാശ പദ്ധതികള്‍ തയറാക്കിയാണ് ഉത്തരകൊറിയയുടെ പ്രയാണം. ഭൂമിയെ നിരീക്ഷിക്കുന്നതിനുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക, ചാന്ദ്രദൗത്യം തുടങ്ങി നിരവധി പദ്ധതികള്‍ രാജ്യത്തിന്റെ പരിഗണയിലുണ്ട്. ഇതിനുവേണ്ടി അഞ്ചുവര്‍ഷത്തെ കര്‍മപദ്ധതി തന്നെ ഉത്തരകൊറിയ തയാറാക്കിക്കഴിഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ചൈനയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് റോക്കറ്റ് എന്‍ജിന്‍ പരീക്ഷണമെന്നതും ശ്രദ്ധേയാണ്. അന്താരാഷ്ട്രതലത്തില്‍ ഉത്തരകൊറിയയുടെ വിശ്വസ്ത പങ്കാളിയും സുഹൃത്തുമാണ് ചൈന. ഉത്തരകൊറിയയുടെ ആണവ പദ്ധതികളില്‍ ടില്ലേഴ്‌സണ്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈമാസം ആദ്യത്തില്‍ അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ ഉത്തരകൊറിയ നാല് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. ജപ്പാന്റെ തീരത്തുനിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മിസൈലുകള്‍ പതിച്ചത്.
- 8 years ago
chandrika
Categories:
Culture