സോള്‍: അഴിമതി ആരോപണത്തെത്തുടര്‍ന്ന് പാര്‍ക്ക് ഗ്യൂന്‍-ഹെയെ ദക്ഷിണകൊറിയന്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഭരണഘടനാ കോടതി പുറത്താക്കി. ബാല്യകാല സുഹൃത്തിനെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ് പാര്‍ക്ക് ആരോപണങ്ങളില്‍ കുടുങ്ങിയത്. ഇതിനുപുറമെ സാമ്പത്തിക അഴിമതി നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു.
പാര്‍കിനെ ഇംപീച്ച് ചെയ്യാന്‍ ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് നേരത്തേ തീരുമാനിച്ചിരുന്നു. എട്ട് ജഡ്ജിമാര്‍ അടങ്ങിയ ദക്ഷിണകൊറിയന്‍ ഭരണഘടന കോടതിയാണ് ഇംപീച്ച്‌മെന്റ് പാസാക്കിയത്. പാര്‍ലമെന്റിന്റെ തീരുമാനം ഐകകണ്‌ഠ്യേന ഭരണഘടനാ കോടതി ശരിവെക്കുകയായിരുന്നു.
നേരത്തേതന്നെ പാര്‍ക് ഗ്യൂന്‍ ഹൈയുടെ ഇംപീച്ച്‌മെന്റ് കോടതി പാസാക്കിയിരുന്നു. സ്ഥാനമൊഴിയാന്‍ വിസമ്മതിച്ച പാര്‍ക് ഭരണഘടന കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ തല്‍സ്ഥാനത്ത് തുടരുമെന്ന് അറിയിക്കുകയായിരുന്നു.
ബാല്യകാല സുഹൃത്തായ ചോയി സൂന്‍ സിലിന് പാര്‍ക് ഗ്യൂന്‍ ഹൈ സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം നല്‍കുകയും ഔദ്യോഗിക രഹസ്യ രേഖകള്‍ കൈമാറുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ആരോപണമുയര്‍ന്നത്. അവസരം മുതലെടുത്ത് ചോയി സൂന്‍ സര്‍ക്കാരിന്റെ വിദേശ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി അനധികൃത സ്വത്തുസമ്പാദനം നടത്തുകയും, സുഹൃത്തുക്കളെ കൂട്ടുപിടിച്ച് ഫൗണ്ടേഷനുകള്‍ക്ക് ധനസമാഹരണം നടത്തുകയും ചെയ്തു. ഇതിനെല്ലാം പാര്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്‌തെന്നാണ് ആരോപണം. സാംസങ്, ഹ്യൂണ്ടായി, കൊറിയന്‍ എയര്‍ എന്നീ കമ്പനികളില്‍നിന്നാണ് പണം തട്ടിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആരോപണം ശരിവെക്കുകയായിരുന്നു.
ചോയി സൂനിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തു. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുത്തു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലില്‍ പാര്‍ക്കിന്റെ രാജി ആവശ്യപ്പെട്ട് വന്‍പ്രതിഷേധമാണ് നടന്നത്.ദക്ഷിണകൊറിയയുടെ പ്രഥമ വനിതാ പ്രസിഡണ്ടാണ് പാര്‍ക് ഗ്യൂന്‍ ഹൈ. ഇവരെ പുറത്താക്കിയതോടെ പുതിയ പ്രസിഡണ്ടിനായുള്ള തെരഞ്ഞെടുപ്പ് 60 ദിവസത്തിനുള്ളില്‍ നടക്കും. തെരഞ്ഞെടുപ്പ് ദക്ഷിണകൊറിയയില്‍ രാഷ്ട്രീയമാറ്റത്തിന് വഴിവെക്കുമെന്നാണ് നിലവിലുള്ള വിലയിരുത്തല്‍.