സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊലപ്പെടുത്താന്‍ യു എസ് ശ്രമമെന്ന് ആരോപണം. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയും ദക്ഷിണ കൊറിയയും ചേര്‍ന്നാണ് ഉന്നിനെ വധിക്കാന്‍ ശ്രമം നടത്തിയതെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. ഇവര്‍ തയാറാക്കിയ പദ്ധതി ഉത്തര കൊറിയ തകര്‍ത്തുകയായിരുന്നു എന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പുറത്തുവിട്ട പ്രസ്ഥാവനയില്‍ പറയുന്നു.
ഏപ്രില്‍ 16ന് പ്യോങ്ഗാങ്ങില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ കിം ജോങിനെ വധിക്കാനായിരുന്നു പദ്ധതിയെന്ന് പ്രസ്താവനയില്‍ പറയുന്നു. ജൈവ-രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു കൊലപ്പെടുത്തുകയോ റേഡിയോ ആക്ടീവ് വസ്തുക്കളോ വിഷമുള്ള നാനോ വസ്തുക്കളോ കിം ജോങിന്റെ ശരീരത്തില്‍ പ്രവേശിപ്പിച്ചു കൊലപ്പെടുത്തുകയോ ആയിരുന്നു ലക്ഷ്യമിട്ടത്. ഇത്തരം വസ്തുക്കള്‍ ഒരാളുടെ ശരീരത്തില്‍ പ്രവേശിപ്പിക്കാന്‍ വളരെ ദൂരെ നിന്നു കഴിയുമെന്നും ഇതിന്റെ ഫലം പുറത്തുവരാന്‍ മാസങ്ങള്‍ കഴിയുമെന്നും പ്രസ്്താവനയില്‍ പറയുന്നു. ഇതിനായി വാടക കൊലയാളിയെ കണ്ടെത്തിയതായും ഉത്തര കൊറിയ വ്യക്തമാക്കി. കൃത്യം നടത്താനായി കിം എന്ന് പേരുള്ള ഒരു ഉത്തര കൊറിയന്‍ പൗരനെ സിഐഎയും ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസും വാടകയ്ക്ക് എടുത്തു. പദ്ധതി പാളിയതായും വാടക കൊലയാളിയെ പിന്നീട് കണ്ടെത്തിയെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, യുഎസ് നടത്തിയ കൊലപാതക നീക്കം എങ്ങനെ പൊളിഞ്ഞു എന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, യുഎസും ദക്ഷിണ കൊറിയയും നടത്തിയ ഈ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി.