X

ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിക്കും, മതേതര കോട്ടയായി തുടരും- എംകെ സ്റ്റാലിൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിൽ നടക്കുക എന്നുപറഞ്ഞ അദ്ദേഹം, സാമൂഹിക നീതി, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം, ജനാധിപത്യം, ദ്രാവിഡ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ എന്നിവയ്ക്ക് ബിജിപിയുടെ പ്രത്യയശാസ്ത്രം അപവാദമാണെന്നും വിമർശിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റാലിൻ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

ബിജെപിക്ക് കീഴടങ്ങിയ എഐഡിഎംകെ ആശയ പാപ്പരത്വമാണ് നേരിടുന്നത്. അതിനാൽ ഈ രണ്ടുപാർട്ടികളും ഒരുപോലെയാണ്. എഐഡിഎംകെയാണ് പ്രാഥമിക എതിരാളിയെങ്കിലും രാജ്യം ഭരിക്കുന്നത് ഏറ്റവും വലിയ പ്രത്യയശാസ്ത്ര ശത്രുക്കളാണ്. അവരെ അധികാരത്തിൽനിന്നും തുരത്തണം. അതിനാണ് വ്യത്യസ്ഥതകൾ മറന്ന് വിവിധ രാഷ്ട്രീയ ശക്തികൾ ഒന്നിച്ചത്.
മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇനി തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ തിരഞ്ഞെടുക്കപ്പെട്ട സേച്ഛാധിപത്യമാക്കാനാണ് മോദി ശ്രമിക്കുന്നത്. പൂർവ്വികർ വിഭാവനം ചെയ്ത ഇന്ത്യ എന്ന ആശയം മോദി വീണ്ടും അധികാരത്തിലെത്തിയാൽ നശിക്കുമെന്നും ബിജെപിയുടെ ദുർഭരണം അവസാനിപ്പിച്ച് ഭരണഘടനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ഏക അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്ക് ഉത്തരേന്ത്യയിൽപോലും സ്വാധീനം കുറയുകയാണെന്നും രാജ്യത്തെ എല്ലാ കുടുംബങ്ങളെയും മോദിയുടെ ജനവിരുദ്ധനയങ്ങൾ ബാധിച്ചതായും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിലുണ്ടായ ക്ഷീണം മാറ്റാനാണ് ദക്ഷിണേന്ത്യയിൽ ബിജെപി ശ്രമിക്കുന്നത്. അതിന് റോഡ് ഷോയുമായി പലതവണ മോദി വരുന്നു. പക്ഷെ ഇതിനിടെയാണ് തെലങ്കാനയിലും കർണാടകയിലും കോൺ​ഗ്രസ് അധികാരം പിടിച്ചത്. തമിഴ്നാട്ടിൽ നേട്ടം കൊയ്യാമെന്നത് ബിജെപിയുടെ ഭാവന മാത്രമാണെന്നും ദക്ഷിണേന്ത്യ എന്നും മതേതര കോട്ടയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ ബിജെപി ആളിക്കത്തിക്കാൻ ശ്രമിക്കുന്ന കച്ചത്തീവ് വിഷയത്തിലും സ്റ്റാലിൻ നിലപാട് വ്യക്തമാക്കി. രാജ്യസുരക്ഷ അത്ര ​ഗൗരവമായി ബിജെപി പരി​ഗണിക്കുന്നുണ്ടെങ്കിൽ കച്ചത്തീവ് പിടിച്ചെടുത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മാർ​ഗം സംരക്ഷിക്കുന്നതിനോ കച്ചത്തീവ് വീണ്ടെടുക്കുന്നതിനോ മോദിക്ക് താൽപര്യമില്ല. നിരവധിതവണ ശ്രീലങ്ക സന്ദർശിച്ച മോദി എപ്പോഴെങ്കിലും കച്ചത്തീവ് വിഷയം ഉന്നയിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

തമിഴ്നാട് ​ഗവർണർ ആർ. എൻ രവിയോട് വ്യക്തിപരമായി തനിക്കോ ഡിഎംകെ പാർട്ടിക്കോ വിരോധമില്ലെന്ന് പറഞ്ഞ സ്റ്റാലിൻ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ​ഗവർണറുടെ ഓഫീസ് ദുരുപയോ​ഗം ചെയ്ത് സമാന്തര സർക്കാർ പ്രവർത്തിപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും വ്യക്തമാക്കി.

webdesk13: