ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരത്തിന് പരിക്ക്. ഡെല്‍ഹി ഡയര്‍ഡെവിള്‍സിന്റെ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയാണ് പരിക്കിന്റെ പിടിയിലായത്. ഓസ്‌ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഓഫ് ദി സിരീസ് സ്വന്തമാക്കിയ താരത്തിന്റെ അഭാവം ഡല്‍ഹിയുടെ കീരിടമോഹങ്ങള്‍ക്ക് തിരിച്ചടിയാവും.
ഓസീസിനെതിരെ അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ പരിക്കിനെ തുടര്‍ന്ന് വെറും എട്ടു ഓവര്‍മാത്രമാണ് താരത്തിന് പന്തെറിയാന്‍ സാധിച്ചത്. പരിക്കേറ്റ റബാഡയ്ക്ക് ഒരുമാസം പൂര്‍ണ വിശ്രമം വേണമെന്നും അതിനു ശേഷം മാത്രമേ അദ്ദേഹത്തിന് കായിയ ക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനത്തില്‍ ഇറങ്ങാനാവുമെന്നും ക്രിക്കറ്റ് ഓഫ് സൗത്താഫ്രിക്ക വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. വരുന്ന ജൂലൈയിലെ ശ്രീലങ്കന്‍ പര്യടനത്തില്‍ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നും കുറിപ്പില്‍ പറയുന്നു.
ഐ.പി.എല്ലില്‍ കന്നി കിരീടം ലക്ഷ്യമിടുന്ന ഡെല്‍ഹി താരലേലത്തില്‍ പ്രമുഖരെയാണ് ടീമിലെത്തിച്ചത്. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീറാണ് പുതിയ സീസണില്‍ ഡല്‍ഹിയെ നയിക്കുക.