ഹെയ്ന്റിക്ക് ക്ലാസന്റെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. ക്ലാസന്‍ 67 പന്തില്‍ 109 റണ്‍സെടുത്തു. 12 ഫോറും നാലു സിക്‌സുമടങ്ങുന്നതാണ് താരത്തിന്റെ ബാറ്റിങ്.
4 റണ്ണെടുക്കുന്നതിനിടെ ക്വിന്റന്‍ ഡീകോക് രണ്ടു പന്തില്‍ 4 പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ റീസ ഹെന്‍ഡ്രിക്‌സും വാന്‍ ഡെര്‍ ഡ്യുസനും ചേര്‍ന്ന് ടീമിനെ നൂറു കടത്തി. 61 പന്തില്‍ 60 റണ്‍സെടുത്ത് ഡ്യുസനും 75 പന്തില്‍ 85 റണ്‍സെടുത്ത് ഹെന്‍ഡ്രിക്‌സും പുറത്താകുമ്പോള്‍ ടീം 164ലെത്തിയിരുന്നു.
എയ്ഡന്‍ മാര്‍ക്രം 44 പന്തില്‍ 42, ഡേവിഡ് മില്ലര്‍ ആറു പന്തില്‍ അഞ്ച് എന്നിവരും മടങ്ങി. പിന്നാലെ ആറാം വിക്കറ്റില്‍ ക്ലാസനും ജാന്‍സെനും ചേര്‍ന്ന് തകര്‍ത്തടിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 62 പന്തിലാണ് നൂറു റണ്‍സ് കൂട്ടുകെട്ട് പിറന്നത്. അടുത്ത 14 പന്തില്‍ പാര്‍ട്ണര്‍ഷിപ്പ് 150 കടത്തി.
61 പന്തിലാണ് ക്ലാസന്‍ സെഞ്ച്വറി നേടിയത്. പിന്നാലെ ജാന്‍സെന്‍ 35 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 42 പന്തില്‍ 75 റണ്‍സുമായി താരം പുറത്താകാതെ നിന്നു. 6 സിക്‌സും മൂന്നു ഫോറുമാണ് താരം നേടിയത്. ഒരു റണ്ണുമായി കേശവ് മഹാരാജും പുറത്താകാതെ നിന്നു. മൂന്നു റണ്ണെടുത്ത ജേറാള്‍ഡ് കോറ്റ്‌സാണ് പുറത്തായ മറ്റൊരു താരം. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്നു വിക്കറ്റ് വീഴ്ത്തി. ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റാഷിദ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും നേടി.
മൂന്ന് കളികളില്‍ 4 പോയന്റുള്ള ദക്ഷിണാഫ്രിക്കക്കും രണ്ട് പോയന്റുള്ള ഇംഗ്ലണ്ടും വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയത്. ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചിരുന്നു. മൂന്നാം കളിയില്‍ 69 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു ഇംഗ്ലണ്ടിന്റേത്. ശ്രീലങ്കയെയും ആസ്‌ട്രേലിയയെയും കീഴടക്കിയ ദക്ഷിണാഫ്രിക്ക, പിന്നീട് നെതര്‍ലന്‍ഡ്‌സിനോടേറ്റ തോല്‍വിയുടെ ക്ഷീണത്തിലാണ് വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇറങ്ങിയത്.