X
    Categories: CultureMoreViews

ഫലസ്തീനൊപ്പം ഉറച്ചുനിന്ന് ദക്ഷിണാഫ്രിക്ക; ഇസ്രാഈലിലെ അംബാസഡറെ തിരിച്ചുവിളിച്ചു

ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന മനുഷ്യക്കുരുതിയില്‍ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക ഇസ്രാഈലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. അമേരിക്കന്‍ എംബസി കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരായ സൈനിക നീക്കത്തെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഉറച്ച തീരുമാനം. ഇതുവരെയായി സ്ത്രീകളും കുട്ടികളുമടക്കം അറുപതിലധികം പേരെയാണ് ഇസ്രാഈല്‍ സൈന്യം വെടിവെച്ചു കൊന്നത്.

ഗസ്സയിലെ കൊലപാതക നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ അംബാസഡറെ പിന്‍വലിക്കുമെന്ന് ദക്ഷിണാഫ്രിക്ക തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുകയും ചെയ്തു.

‘ഗസ്സ അതിര്‍ത്തിയില്‍ ഇസ്രാഈലി സായുധ സൈന്യം നടത്തുന്ന ഏറ്റവും പുതിയ അക്രമാസക്ത കൈയേറ്റത്തെ ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് സാധ്യമായ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. ഇസ്രാഈലിന്റെ വകതിരിവില്ലാത്തതും ഭീഷണവുമായ ഇസ്രാഈലി ആക്രമണങ്ങള്‍ പരിഗണിച്ച് അംബാസഡര്‍ സിസ എന്‍ഗോംബാനെയെ എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നു.’ – ദക്ഷിണാഫ്രിക്കയുടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് – കോര്‍പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു എന്‍ഗോംബാനെ ഇസ്രാഈലിലേക്ക് മടങ്ങില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കി.

ജറൂസലമില്‍ അമേരിക്കന്‍ എംബസി തുറക്കാനുള്ള പ്രകോപനപരമായ നീക്കത്തില്‍ പ്രതിഷേധിച്ച് സമാധാനപരമായ പ്രതിഷേധ പ്രകടനമാണ് ഫലസ്തീനികള്‍ നടത്തിയതെന്നും ദക്ഷിണാഫ്രിക്ക വ്യക്തമാക്കുന്നു.

ഇസ്രാഈലിന്റെ പുതിയ രക്തരൂഷിതമായ അക്രമങ്ങളെ തുടര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കുന്ന ആദ്യ രാജ്യമാണ് ദക്ഷിണാഫ്രക്ക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തുര്‍ക്കി അമേരിക്കയിലെയും ഇസ്രാഈലിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: