ധര്‍മശാല: ഓര്‍മയില്ലേ പോയ വര്‍ഷത്തെ ടി-20 ലോകകപ്പ്. ദക്ഷിണാഫ്രിക്കക്കാര്‍ നെതര്‍ലന്‍ഡ്‌സിന് മുന്നില്‍ മുട്ടുമടക്കിയ ലോകകപ്പ്. ആ തോല്‍വി ഇന്നും മറന്നിട്ടില്ല ടെംപ ബവുമയുടെ ടീം. അതിനാല്‍ തന്നെ ഇന്ന് ഏകദിന ലോകകപ്പില്‍ ധര്‍മശാലയില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടുന്നത് കുട്ടിക്കളിയാവില്ല. മിന്നും ഫോമിലാണ് ദക്ഷിണാഫ്രിക്ക. കളിച്ച രണ്ട് മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം. തോല്‍പ്പിച്ചവരില്‍ ഓസ്‌ട്രേലിയക്കാരുമുണ്ട്. വലിയ സ്‌ക്കോര്‍ സ്വന്തമാക്കാനും ആ സ്‌ക്കോര്‍ പ്രതിരോധിക്കാനുമാവുന്ന തരത്തിലാണിപ്പോള്‍ ആഫ്രിക്കന്‍ സംഘം. ലോകകപ്പിലെ രണ്ട് മല്‍സരം മാത്രമല്ല, ലോകകപ്പിന് വരുന്നതിന് മുമ്പ് തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങള്‍ അവര്‍ സ്വന്തമാക്കിയിരുന്നു. ക്വിന്റണ്‍ ഡി കോക്ക് എന്ന ഓപ്പണര്‍ രണ്ട് കളികളില്‍ തുടര്‍ച്ചയായി സെഞ്ച്വറി സ്വന്തമാക്കി. ഐദന്‍ മാര്‍ക്‌റാം, വാന്‍ഡര്‍സര്‍ എന്നിവരും വലിയ സ്‌ക്കോര്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇവര്‍ മാത്രമല്ല ആഫ്രിക്കന്‍ സംഘത്തിലെ മുന്‍നിരക്കാര്‍ എല്ലാവരും സീസണില്‍ വലിയ സ്‌ക്കോര്‍ സമ്പാദ്യമുള്ളവരാണ്. നായകന്‍ ബവുമ, ഡേവിഡ് മില്ലര്‍, ഹെന്‍ട്രിക് ക്ലാസന്‍ എന്നിവരെല്ലാം അതിവേഗതയില്‍ കളിക്കുന്നവരാണ്.
ഡച്ചുകാരാവട്ടെ ആദ്യ രണ്ട് കളികളിലും തല താഴ്ത്തിയവരാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ചില അട്ടിമറികളെല്ലാം സ്വന്തം പേരിലുണ്ടെങ്കിലും ഗംഭീര ഫോമില്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്കെതിരെ തന്ത്രപരമായി പന്തെറിയാന്‍ പാകത്തിലുള്ള ബൗളര്‍മാരില്ല.