X
    Categories: Culture

പെര്‍ത്തില്‍ ഓസീസിനെ പൊളിച്ചടുക്കി ദക്ഷിണാഫ്രിക്ക; 177 റണ്‍സ് ജയം

മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ കഗിസോ റബാഡയെ ഫഫ് ഡുപ്ലസ്സി ചുംബിക്കുന്നു

പെര്‍ത്ത്: ആതിഥേയരെ 177 റണ്‍സിന് തറപറ്റിച്ച് ദക്ഷിണാഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഉജ്ജ്വല തുടക്കം. മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആറ് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ 370 റണ്‍സ് ആവശ്യമായിരുന്ന ഓസ്‌ട്രേലിയ 192 റണ്‍സ് കൂടി നേടി പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ കഗിസോ റബാഡയാണ് മാന്‍ ഓഫ് ദി മാച്ച്.

സ്‌കോര്‍ ചുരുക്കത്തില്‍: ദക്ഷിണാഫ്രിക്ക 242 & എട്ടിന് 540 ഡിക്ല. ഓസ്‌ട്രേലിയ 244 & 361.

രണ്ടാം ഇന്നിങ്‌സില്‍ 539 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന്, ക്ഷമയോടെ ക്രീസില്‍ നിന്ന ഉസ്മാന്‍ ഖവാജയുടെ (97) ബാറ്റിങ് മാത്രമേ അഭിമാനിക്കാവുന്നതായി ഉണ്ടായിരുന്നുള്ളൂ. മൂന്നാമനായി ഇറങ്ങിയ ഖവാജ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് മാത്രം അകലെ ആറാം വിക്കറ്റായാണ് പുറത്തായത്. പുറത്താകാതെ 60 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവിലിനെക്കൂടി മാറ്റിനിര്‍ത്തിയാല്‍ ഓസീസ് നിരയില്‍ ഒരാളും അര്‍ധശതകം കണ്ടില്ല. ഷോണ്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, ആദം വോഗസ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെയാണ് റബാഡ പുറത്താക്കിയത്. 21-കാരനായ റബാഡക്ക് ഒന്നാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുണ്ടായിരുന്നു.

പെര്‍ത്തിലെ വാക്ക പിച്ചില്‍ ദക്ഷിണാഫ്രിക്കയെ ഇതുവരെ തോല്‍പ്പിച്ചിട്ടില്ലാത്ത ഓസ്‌ട്രേലിയക്ക് മറ്റൊരു കയ്‌പേറിയ അനുഭവമായി ഒന്നാം ടെസ്റ്റ്. 1988-നു ശേഷം ഇതാദ്യമായാണ് ഒരു ഹോം പരമ്പരയിലെ ആദ്യ മത്സരം ഓസീസ് തോല്‍ക്കുന്നത്.

പരിക്കു കാരണം ടീമിലില്ലാത്ത എ.ബി ഡിവില്ലിയേഴ്‌സിന്റെ അഭാവത്തില്‍, പ്രതിബന്ധങ്ങളോട് പൊരുതിയാണ് ദക്ഷിണാഫ്രിക്ക ജയം പിടിച്ചെടുത്തത്. ടീമിലെ പരിചയ സമ്പന്നനായ ഹാഷിം അംലക്ക് രണ്ട് ഇന്നിങ്‌സിലുമായി ഒരു റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. പ്രധാന ബൗളറായ ഡെയ്ല്‍ സ്റ്റെയ്ന്‍ രണ്ടാം ദിനം തന്നെ പരിക്കേറ്റ് കളംവിടുകയും ചെയ്തു.

chandrika: