ഓക്ക്‌ലാന്റ്: ന്യൂസിലാന്റ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയത്തോടെ തുടക്കം. പര്യടനത്തിലെ ഏക ട്വന്റി-20 മത്സരത്തില്‍ 78 റണ്‍സിനാണ് ആഫ്രിക്കന്‍ സംഘം ആതിഥേയരെ കെട്ടുകെട്ടിച്ചത്. ടോസ് നഷ്ടായി ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് 185 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ഇംറാന്‍ താഹിറിനു മുന്നില്‍ വട്ടംകറങ്ങി വീണ കിവീസിന്റെ ഇന്നിങ്‌സ് 14.5 ഓവറില്‍ 107 റണ്‍സില്‍ അവസാനിച്ചു. താഹിര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.
ഓപണര്‍ ഹാഷിം അംലയുടെ (43 പന്തില്‍ 62) അര്‍ധ സെഞ്ച്വറിയും ഫാഫ് ഡുപ്ലസ്സി (36), എ.ബി ഡിവില്ലിയേഴ്‌സ് (26), ജീന്‍പോള്‍ ഡ്യുമിനി (29) എന്നിവരുടെ മികവുമാണ് സന്ദര്‍ശകര്‍ക്കു മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ട്രെന്റ് ബൗള്‍ട്ട് എട്ട് റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കോളിന്‍ ഗ്രാന്‍ഹോം 22 റണ്‍സിന് രണ്ടു പേരെ പുറത്താക്കി. ഓപണിങ് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ ഫിലിപ്‌സ് കിവീസിനു വേണ്ടി അരങ്ങേറി.
മറുപടി ബാറ്റിങില്‍ ടോം ബ്രൂസ് (33) മാത്രമാണ് ന്യൂസിലാന്റിനു വേണ്ടി തിളങ്ങിയത്. ബ്രൂസിനെ കൂടാതെ രണ്ടക്കം കടന്നത് കെയ്ല്‍ വില്യംസണ്‍ (13), ഗ്രാന്‍ഹോം (15), ടിം സൗത്തി (20) എന്നിവര്‍ മാത്രം. 25 റണ്‍സിന് അഞ്ചു പേരെ ഇംറാന്‍ താഹിര്‍ മടക്കിയപ്പോള്‍ ആന്‍ഡിലെ ഫെലുക്വായോ 19 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ഇംറാന്റെ ആദ്യ രണ്ടു വിക്കറ്റുകള്‍ ഒരു ഓവറിലെ അടുത്തടുത്ത പന്തുകൡലായിരുന്നു.