X
    Categories: CricketSports

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടു

ജോഹന്നാസ് ബര്‍ഗ്: സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ദക്ഷിണാഫ്രിക്കയിലെ കായിക സംബന്ധമായ കാര്യങ്ങള്‍ നോക്കുന്ന സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ ആന്റ് ഒളിമ്പിക് കമ്മിറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്. ഐസിസി നിയമങ്ങള്‍ അനുസരിച്ച് ക്രിക്കറ്റ് ബോര്‍ഡില്‍, സര്‍ക്കാര്‍ ഇടപെടല്‍ വിലക്കുന്നുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായി.

ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ആക്ടിങ് സിഇഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പദവി ഒഴിയാന്‍ ഒളിമ്പിക് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ മാസങ്ങളായി ഉരുണ്ടുകൂടിയിരുന്ന പ്രശ്നങ്ങളിലാണ് സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നത്. മോശം ഭരണവും സാമ്പത്തിക ദുരുപയോഗവും ക്രിക്കറ്റിനെ ബാധിച്ചിരുന്നു. പല മുതിര്‍ന്ന താരങ്ങളും ഇതില്‍ അതൃപ്തരായിരുന്നു.

അതേസമയം ഒരു മാസത്തിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. അതേസമയം ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ കളിക്കാരെ ബാധിക്കുമോ എന്ന് വ്യക്തമല്ല.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: