സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങിയിട്ടും ലാ ലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്ക് വീണ്ടും തോല്‍വി. എവേ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഗ്രാനഡയോട് ബാഴ്‌സ നാണകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ ഇലവനില്‍ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്സയെ കളിയുടെ 65-ാം സെക്കന്റില്‍ തന്നെ ഗ്രാനഡ ഞെട്ടിച്ചു. ബാഴ്‌സ പ്രതിരോധ നിരയില്‍ ജൂനിയര്‍ ഫിര്‍പോയിക്ക് സംഭവിച്ച അബദ്ധം മുതലെടുത്ത റാമോണ്‍ അസീസാണ് രണ്ടാം മിനുട്ടില്‍ തന്നെ ഗ്രാനഡയെ മുന്നിലെത്തിച്ചത്.
മത്സരത്തിന്റെ 74 ശതമാനം സമയവും പന്ത് കൈവശം വെച്ച ബാഴ്സ, കളിയില്‍ ഒരേയൊരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് മാത്രമാണ് പുറത്തെടുത്തത്. മെസ്സിയേയും അന്‍സു ഫാത്തിയേയും കളത്തിലിറക്കിയ രണ്ടാം പകുതിയില്‍ മത്സരം ഫ്രണ്ട് ഫൂട്ടിലേക്ക് നീങ്ങിയെങ്കിലും തോല്‍വി കരകയറ്റാന്‍ കോച്ച് വാല്‍വര്‍ഡെക്കായില്ല. 66-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആല്‍വരോ വഡില്ലോ ഗ്രാനഡയുടെ വിജയമുറപ്പിച്ചു. തോല്‍വിയോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുള്ള ബാഴ്സ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലീഗില്‍ മൂന്നു ജയങ്ങളുമായി ഗ്രാനഡയാണ് ഒന്നാം സ്ഥാനത്ത്.
അതേസമയം തുടര്‍ച്ചയായ തോല്‍വിയില്‍ ബാഴ്‌സ പരിശീലകന്‍ എര്‍ണെസ്റ്റോ വാല്‍വര്‍ഡെയുടെ ഭാവി വരെ ഭീഷണിയില്‍ ആയിരിക്കുകയാണ്. ബാഴ്‌സലോണയ്ക്ക് ഈ സീസണ്‍ അവരുടെ താളത്തിലേക്ക് എത്തിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ലീഗില്‍ തങ്ങളുടെ അഞ്ചു മത്സരങ്ങളില്‍ ബാഴ്സയുടെ രണ്ടാം തോല്‍വിയാണിത്. തുടര്‍ച്ചയായ എട്ടാം എവേ മത്സരത്തിലാണ് ബാഴ്സ വിജയമില്ലാതെ മടങ്ങുന്നത്. ലാ ലീഗയില്‍ ബാഴ്‌സലോണയുടെ അവസാന 25 വര്‍ഷത്തിലെ ഏറ്റവും മോശം തുടക്കമാണിത്.
1994-95 സീസണില്‍ ആയിരുന്നു അവസാനമായി ബാഴ്‌സലോണ ആദ്യ അഞ്ചു മത്സരങ്ങളില്‍ ഇത്ര കുറവ് പോയന്റ് നേടിയത്. അന്നും ആദ്യ അഞ്ചു മത്സരങ്ങളില്‍ രണ്ട് തോല്‍വിയും രണ്ട് വിജയവും ഒരു സമനിലയുമായിരുന്നു ബാഴ്‌സലോണയുടെ സമ്പാദ്യം. ആ സീസണില്‍ തന്നെയാണ് ബാഴ്‌സലോണ സീസണില്‍ ആദ്യ മൂന്ന് എവേ മത്സരങ്ങളും വിജയിക്കാന്‍ ആവാതെ അവസാനം ഇതുപോലെ കഷ്ടപ്പെട്ടതും. ഗ്രാനഡയോട് ഒന്നില്‍ കൂടുതല്‍ ഗോളിന് ബാഴ്‌സലോണ പരാജയപ്പെടുന്നതും വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
അവസാന നാലു ലാലിഗ മത്സരങ്ങളിലും ഒന്നില്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ബാഴ്‌സലോണ ഇപ്പോള്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമുമാണ്. 9 ഗോളുകള്‍ ഈ അഞ്ചു മത്സരങ്ങളില്‍ നിന്നായി ബാഴ്‌സലോണ വഴങ്ങിയിട്ടുണ്ട്.
മെസ്സി, ഗ്രീസ്മന്‍, സുവാരസ് എന്നിവരൊക്കെ അണിനിരന്നിട്ടും ബാഴ്‌സ തോല്‍ക്കുന്നത് വാല്‍വര്‍ദയുടെ ടീം തെരഞ്ഞെടുപ്പും ടാക്ടിക്‌സുമാണെന്നാണ് വിമര്‍ശനം. വിമര്‍ശനങ്ങള്‍ക്ക് കളിയിലൂടെ പരിഹാരം കൊടുക്കാത്ത പക്ഷം ബാഴ്‌സയില്‍ നിന്നും സ്ഥാനം തെറിക്കുന്ന കോച്ചായി വാല്‍വര്‍ദെ മാറും.