കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. നാല് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും ബംഗാളില്‍ ഭരണത്തിലെത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് ബിസിസിഐ അധ്യക്ഷനായ സൗരവ് ഗാംഗുലിയെ രാഷ്ട്രീയത്തിലിറക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ഗാംഗുലി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്. ബംഗാളിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം നേരത്തെയും ഗാംഗുലി ബിജെപിയിലെത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്ത സാഹചര്യത്തില്‍ ഗാംഗുലി തീരുമാനം മാറ്റിയോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ബംഗാള്‍ രാഷ്ട്രീയം ആകെ കലങ്ങി മറിയുകയാണ്. പ്രമുഖരായ തൃണമൂല്‍ നേതാക്കളെയെല്ലാം ബിജെപി പാളയത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് അമിത് ഷാ. മമതയുടെ വിശ്വസ്തരുമായി അമിത് ഷാ ശക്തമായ വിലപേശല്‍ നടത്തുന്നതായാണ് വിവരം. നിരവധി തൃണമൂല്‍ നേതാക്കളാണ് ഇതിനകം ബിജെപിയിലെത്തിയത്. അതിനിടെ മുസ് ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഉവൈസി കൂടി എത്തുന്നതോടെ ബംഗാള്‍ രാഷ്ട്രീയം എന്താകുമെന്ന കാര്യത്തില്‍ വലിയ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.