ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി നീക്കം ചെയ്തതോടെ തല്‍സ്ഥാനത്തേക്ക് ആരുവരുമെന്ന ചര്‍ച്ചകളും സജീവമാണ്. വൈസ് പ്രസിഡന്റുമാര്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ ആരെ നിയമിക്കണമെന്ന കാര്യത്തില്‍ ബി.സി.സി.ഐക്ക് വ്യക്തതയില്ല. മുതിര്‍ന്ന ഒരംഗത്തെ നിയമിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.
സെന്‍ട്രല്‍ സോണിനെ പ്രതിനിധീകരിക്കുന്ന വൈസ് പ്രസിഡന്റും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അംഗവുമായ സി.കെ ഖന്നയാണ് മുതിര്‍ന്നയംഗം. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഖന്നയുടെ പേരുള്ളത് തടസമാണ്. ഈസ്റ്റ് സോണിന്റെ ഭാഗമായ ഗൗതം റോയ്, വെസ്റ്റ് സോണിനെ പ്രതിനിധീകരിക്കുന്ന വൈസ് പ്രസിഡന്റ് ടി.സി മാത്യു എന്നിവരുടെ പേരുകളും സജീവമാണ്.
അതേസമയം സൗരവ് ഗാംഗുലി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഗാംഗുലിയുടെ കാര്യത്തില്‍ തീരുമാനം ഒന്നുമായിട്ടില്ല. നിലവില്‍ ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ്. ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനാഗ്രഹിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് എന്ന നിലക്കും ഗാംഗുലിക്ക് സാധ്യത കല്‍പ്പിക്കുകയാണ്.