X

സൗരവ് ദാദ രാജ്യാന്തര ക്രിക്കറ്റ് ഭരണത്തിന്‌

മുംബൈ: സൗരവ് ദാദ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് തുടരില്ലെന്ന് ശക്തമായ അഭ്യൂഹം. ഈ മാസം 18 ന് നടക്കുന്ന ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കില്ലെന്നും കര്‍ണാടകയില്‍ നിന്നുള്ള റോജര്‍ ബിന്നിയായിരിക്കും പുതിയ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെന്നും ബി.സി.സി.ഐ കേന്ദ്രങ്ങള്‍ തന്നെ സൂചന നല്‍കുന്നു. മൂന്ന് വര്‍ഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തലവനായും അടുത്ത മൂന്ന് വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തലവനായും തുടര്‍ന്ന സൗരവ് ദാദയുടെ പുതിയ ജോലി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലായിരിക്കുമെന്നും പറയപ്പെടുന്നു.

ഐ.സി.സി തലവനായി അദ്ദേഹം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1983 ല്‍ കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് കന്നി ഏകദിന ലോകകപ്പ് സമ്മാനിച്ചപ്പോള്‍ ആ സംഘത്തിലെ പ്രമുഖനായിരുന്നു ബിന്നി. അദ്ദേഹത്തിന്റെ മകന്‍ സ്റ്റിയുവര്‍ട്ട് ബിന്നിയും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഈ മാസം 11, 12 തിയ്യതികളിലാണ് നോമിനേഷന്‍ നല്‍കേണ്ടത്. 13 ന് പത്രികാ സമര്‍പ്പണ പരിശോധനയാണ്. 14 ന് പത്രിക പിന്‍വലിക്കാനുളള ദിവസമാണ്. മല്‍സര രംഗത്ത് ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് 18ന് നടക്കും. സെക്രട്ടറി സ്ഥാനത്ത് നിലവിലെ ജയ് ഷാ തന്നെ തുടരാനാണ് സാധ്യത. സൗരവിനും ജയ് ഷാക്കും ഒരു ടേം കൂടി മല്‍സരിക്കാനുള്ള അവസരം ഈയിടെയാണ് സുപ്രിം കോടതി നല്‍കിയത്. ലോഥ കമ്മീഷന്‍ ശുപാര്‍ശകളിലുടെ വന്ന ക്രിക്കറ്റ് ബോര്‍ഡ് ഭരണഘടന പ്രകാരം ഇരുവരും മല്‍സരിക്കാന്‍ യോഗ്യരല്ലായിരുന്നു.

എന്നാല്‍ ഭരണഘടനയില്‍ ഭേദഗതി തേടി ക്രിക്കറ്റ് ബോര്‍ഡ് പരമോന്നത നീതി പീഠത്തെ സമീപിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യത്തില്‍ ഒരു തവണ കൂടി മല്‍സരിക്കാന്‍ അവസരമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിലെ ഒരു ഉന്നതനും യോഗത്തിനുണ്ടായിരുന്നു. ഈ യോഗത്തിലാണ് സൗരവ് മല്‍സരിക്കേണ്ടതില്ലെന്നും റോജര്‍ ബിന്നിക്കോ, രാജീവ് ശുക്ലക്കോ അവസരം നല്‍കണമെന്ന വാദം ഉയര്‍ന്നതും. ഐ.സി.സി തലവനായി സൗരവ് വരണം. അടുത്ത ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കവെ ഇന്ത്യക്കാരനായ ഒരു തലവന്‍ ക്രിക്കറ്റ് ബോര്‍ഡിന് വേണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വാദം.

Test User: