ആലപ്പുഴ: അമ്മക്ക് അജാസിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ മൊഴി. അജാസില്‍ നിന്ന് ഭീഷണിയുണ്ടെന്ന് അമ്മ പറഞ്ഞതായി പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിനോട് വെളിപ്പെടുത്തി. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നുവെന്ന് മകന്‍ പറഞ്ഞു.
സൗമ്യയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പൊള്ളലേറ്റ് അജാസിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഇന്ന് തന്നെ മൊഴിയെടുക്കും.
ഇന്നലെയാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ പോലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നത്. വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്‌കരന്‍ ആണ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറിലെത്തിയ പ്രതി ഇടിച്ചുവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സൗമ്യ മരിച്ചു.
മലപ്പുറം സ്വദേശിയായ ഒരു പോലീസുകാരന്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ പോലീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് ജോലി ചെയ്യുന്ന അജാസ് എന്ന പോലീസുകാരനാണ് പോലീസിന്റെ പിടിയിലായത്. കാറിടിപ്പിച്ച ശേഷം വടിവാളുപയോഗിച്ച് സൗമ്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.