X

സൗമ്യ വധക്കേസ്; തിരുത്തല്‍ ഹര്‍ജി വ്യാഴാഴ്ച്ച പരിഗണിക്കും

ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി വിശാല ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആറംഗ ബെഞ്ചാണ് സുപ്രീംകോടതി ചേംബറില്‍ വ്യാഴാഴ്ച്ച കേസില്‍ വാദം കേള്‍ക്കുന്നത്. കേസ് പരിഗണിച്ച ബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍ക്കൊപ്പം മുതിര്‍ന്ന മൂന്നു ജഡ്ജിമാര്‍ കൂടി ഉണ്ടാകുമെന്നത് സര്‍ക്കാരിന് പ്രതീക്ഷ നല്‍കുന്നു.

സര്‍ക്കാരിന്റേയും സൗമ്യയുടെ അമ്മയുടേയും പുന:പരിശോധനാ ഹര്‍ജികള്‍ നവംബര്‍ 11ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് നിയമസംവിധാനത്തിലെ അവസാന മാര്‍ഗ്ഗമായ തിരുത്തല്‍ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്താണ് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയത്. തൃശൂര്‍ ഫാസ്റ്റ്ട്രാക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയത്.
വധശിക്ഷ നല്‍കിയ തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ സുപ്രധാന വിധി വന്നത്.

chandrika: