ആലപ്പുഴ: കൊല്ലപ്പെട്ട സൗമ്യാ പുഷ്പാകരന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിയോടെ വള്ളിക്കുന്നം പൊലീസ് സ്‌റ്റേഷനില്‍ സൗമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. 10 മണിയോടെ മൃതദേഹം വിലാപയാത്രയായി കാഞ്ഞിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 11 മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
അതേസമയം, കേസിലെ പ്രതി അജാസിന്റെ പോസ്റ്റ്‌മോര്‍ട്ട നടപടികളും ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടക്കും. കഴിഞ്ഞ ശനിയാഴ്ച്ചയാണ് വള്ളികുന്നം സ്‌റ്റേഷനിലെ സിപിഒ സൗമ്യ പുഷ്പാകരനെ പൊലീസുകാരനായ അജാസ് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തി കൊന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ പ്രതി അജാസ് ഇന്നലെ വൈകീട്ടാണ് മരിച്ചത്.
ശനിയാഴ്ച്ച സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ബന്ധുകള്‍ക്ക് വിട്ടു കൊടുത്തിരുന്നു. എന്നാല്‍, ലിബിയയില്‍ ജോലി ചെയ്യുന്ന സൗമ്യയുടെ ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം മതി സംസ്‌കാരം എന്ന തീരുമാനത്തിലായിരുന്നു ബന്ധുക്കള്‍.